തിരുവനന്തപുരം: പരീക്ഷ നടത്തിയുള്ള ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ചട്ട ഭേദതികള്‍ അതിവേഗം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ‘സമഗ്ര ഗുണമേന്മാ പദ്ധതി’ നടപ്പാക്കും. ഇതിനായി 37.80 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സബ്ജക്ട് മിനിമം എട്ടാം ക്ലാസില്‍ നടപ്പാക്കും.
അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും നടപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയം പോലെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കുകയല്ല സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
മിനിമം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് നല്‍കും. റാഗിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. റാഗിങ് വിരുദ്ധ സെല്ലുകള്‍ എല്ലാ സ്‌കൂളുകളിലും നടപ്പാക്കും.
ഇതുവരെ 88.82 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 26.43 ലക്ഷം പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലാ ഹബ്ബുകളില്‍ ഇതിനകം എത്തിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.