ഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 പേർ മരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും റെയിൽവേ മന്ത്രിയെയും കുറ്റപ്പെടുത്തി പ്രതിപക്ഷം. സർക്കാരിൻറെ കെടുകാര്യസ്ഥതയും അശ്രദ്ധയുമാണ് ദുരന്തത്തിന് കാരണമെന്ന് നേതാക്കാൾ ചൂണ്ടിക്കാട്ടി.
ദുരന്തത്തിന് ഉത്തരവാദി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മരണപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
റെയിൽവേയുടെ ഗുരുതരമായ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമെന്ന് ബിഎസ്പി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി ആരോപിച്ചു. ‘റെയിൽവേയുടെ ഗുരുതരമായ അശ്രദ്ധ കാരണം തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു.
അത്യന്തം ദാരുണമായ സംഭവമാണിത്. ഇരകൾക്ക് എൻറെ അഗാധമായ അനുശോചനം. ഉത്തരവാദികളായവർക്കെതിരെ സർക്കാർ നടപടിയെടുക്കുകയും ഇരകൾക്ക് പൂർണ സഹായം നൽകുകയും വേണം’ -അവർ പറഞ്ഞു.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രത്യേക ട്രെയിനുകളിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടാകുന്നത്. സ്റ്റേഷനിൽ തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പാളിച്ചയുണ്ടായെന്ന് ദൃക്സാക്ഷികൾ പറയുന്നു. ട്രെയിൻ സമയക്രമത്തിലും പ്ലാറ്റ്‌ഫോമിലും അവസാന നിമിഷം മാറ്റം വരുത്തിയതും കുഴപ്പങ്ങൾക്ക് ആക്കം കൂട്ടിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.