പത്തനംതിട്ട: ചന്ദനപള്ളിയില്‍ തലയില്‍ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവര്‍ന്ന പ്രതി പിടിയില്‍. ഇടത്തിട്ട സ്വദേശിനി ഉഷയാണ് പിടിയിലായത്.
ചന്ദനപള്ളി സ്വദേശി 84കാരി മറിയാമ്മ സേവ്യറിന്റെ വീട്ടിലാണ് ഇവര്‍ അതിക്രമിച്ച് കയറി മാല കവര്‍ന്നത്. ബന്ധുക്കളായ അയല്‍വാസികള്‍ നല്‍കിയ സൂചന പ്രകാരം ഉഷയെ കൊടുമണ്‍ പോലീസ് അരമണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. മറിയാമ്മയുടെ വീട്ടില്‍ ഉഷ മുമ്പ് വീട്ടുജോലിക്ക് വന്നിട്ടുണ്ട്. വീട്ടില്‍ സ്ഥിരം വരുന്ന ജോലിക്കാരിയെന്ന് കരുതിയാണ് മറിയാമ്മ വാതില്‍ തുറന്നത്.
എന്നാല്‍, അകത്തേക്ക് ചാടിക്കടന്ന സ്ത്രീ തുണി ഉപയോഗിച്ച് മറിയാമ്മയുടെ മുഖം മൂടിയതിന് പിന്നാലെ മാല കവര്‍ന്ന് കടന്ന് കളയുകയായിരുന്നു.