കോട്ടയം: കോട്ടയം നഗരസഭയില്‍ നിന്ന് 211 കോടി രൂപാ നഷ്ടപ്പെട്ട മാതൃകയില്‍ സംസ്ഥാനത്തെ മറ്റു നഗരസഭകളിലും തട്ടിപ്പ് നടക്കുന്നുണ്ടേയെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍.
കോട്ടയം നഗരസഭയില്‍ ചെക്ക്, ഡ്രാഫ്റ്റുകളുമായി പണം അടക്കാനായി രസീതു നല്‍കി കൈപ്പറ്റിയ രേഖകള്‍ ബാങ്കുകളില്‍ എത്താതെ 211 കോടി രൂപാ അപഹരിക്കപ്പെട്ട മാതൃകയില്‍ മറ്റു നഗരസഭകളിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
എ. ക്ലാസ് നഗരസഭകളില്‍ ഒരു മാസത്തിനകം പ്രത്യേക പരിശോധന പൂര്‍ത്തിയാക്കാന്‍ സംസ്ഥാന വ്യാപകമായി ഇരുപത്തി ഒന്നു നഗരസഭകളിലേക്കായി പ്രത്യേക ഓഡിറ്റ് ടീമിനെ ചുമതലപ്പെടുത്തി തദ്ദേശഭരണ വകുപ്പ് ഡയറക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.
കോട്ടയം നഗരസഭയില്‍ തട്ടിപ്പു നടന്നിട്ടില്ലന്നും ക്ലറിക്കല്‍ പിശകു മാത്രമാണു സംഭവിച്ചതെന്നും വാദിച്ചിരുന്ന ഭരണ സമിതിയുടെ വിശദീകരണം തള്ളിക്കൊണ്ട് സംസ്ഥാന തല പരിശോധനാ സംഘം കണ്ടെത്തിയ കൂടുതല്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണു സര്‍ക്കാരിന്റെ നടപടി.
മുന്‍സിപ്പാലിറ്റികള്‍ പ്രത്യേക വിഭാഗമായാണു പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തു വകുപ്പുമായി ബന്ധമുണ്ടായിരുന്നില്ല.
രണ്ടു വകുപ്പുകളും യോജിപ്പിച്ച് ഡയറക്ടറേറ്റ് രൂപീകരിച്ചതോടെയാണു കോട്ടയം നഗരസഭയിലെ തട്ടിപ്പു പുറത്തുവന്നത്.
ഇതിന്റെ തുടര്‍ പരിശോധന സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിലൂടെ ഈ തട്ടിപ്പു രീതിയിലൂടെ കോടികള്‍ മറ്റു നഗരസഭകളിലും നടന്നിട്ടുണ്ടോ എന്നറിയാനാകും.