തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങളെ പുകഴ്ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഡോ.ശശി തരൂര്‍ എം.പി എഴുതിയ ലേഖനത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍.
എന്നാല്‍ തങ്ങളെ പുകഴ്ത്തുന്ന ലേഖനത്തില്‍ ഉറച്ച് നില്‍ക്കുന്ന തരൂരിന്റെ നടപടിയില്‍ സി.പി.എമ്മും സര്‍ക്കാരും തികഞ്ഞ ആഹ്ലാദത്തിലാണ്.
ഇതിനിടെ വ്യവസായ, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ഉമ്മന്‍ ചാണ്ടിയുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും സംഭാവനകള്‍ കൂടി ഉണ്ടെന്ന നിലയില്‍ തന്റെ നിലപാടുകള്‍ മയപ്പെടുത്തി ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പും പുറത്ത് വന്നിട്ടുണ്ട്
തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സി.പിഎമ്മിന് തരൂരിന്റെ പക്കല്‍ നിന്നും ലഭിച്ച അഭിനന്ദനത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തികഞ്ഞ ആഹ്ലാദത്തിലാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം തരൂരിനെ പന്തുണച്ച് രംഗത്ത് വന്നിരുന്നു.
നിലവില്‍ യു.ഡി.എഫിനെതിരായ രാഷ്ട്രീയ ആയുധമാക്കി സി.പി.എം ഇതിനെ മാറ്റിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തരൂര്‍ തന്റെ നിലപാടുകള്‍ മയപ്പെടുത്തി രംഗത്ത് വന്നതെന്നും കരുതപ്പെടുന്നു.
ആന്റണി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആഗോള നിക്ഷേപക സംഗമം ആദ്യമായി സംസ്ഥാനത്ത് നടത്തിയതെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തത് വ്യവസായ മേഖലയില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഫേയ്സ്ബുക്കില്‍ കുറിച്ചു.
കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ കുറ്റങ്ങളും കുറവുകളുമുണ്ടെന്നും ഇതേപ്പറ്റിയാണ് താന്‍ ലേഖനത്തില്‍ പരാമര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാര്‍ സാമ്പത്തിക, വ്യാവസായിക മേഖലയില്‍ ചെയ്ത കാര്യങ്ങള്‍ക്ക് നൂറുശതമാനം മാര്‍ക്ക് താന്‍ നല്‍കുന്നില്ലെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു
മാധ്യമങ്ങള്‍ക്ക് വിവാദങ്ങള്‍ ഇഷ്ടമാണെന്നും തന്നോട് വ്യക്തിപരമായി ആരും ഇതുവരെ ലേഖനത്തെപ്പറ്റി വിവരങ്ങള്‍ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കുതിപ്പുണ്ടായെന്നാണ് താന്‍ പറഞ്ഞത്. അത് കണക്കുകളുടെ അടിസ്ഥാനത്തിലാണ്. അത് തെറ്റാണെന്ന് വ്യക്തമായാല്‍ താന്‍ തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന് വ്യക്തിപരമായ കാര്യങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗത്വം രാജിവെച്ചിട്ട് വേണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ വ്യക്തമാക്കി. സര്‍ക്കാരിനെ പുകഴ്ത്തുന്ന നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.