ഇന്ന് പുൽവാമ ദിനം. രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ ആറാം വാർഷികമാണ് ഇന്ന്. സിആർപിഎഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയ ചാവേർ ആക്രമണത്തിൽ, 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ആറ് വർഷങ്ങൾക്ക് മുൻപ്, 2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരേ ഭീകരാക്രമണമുണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരേ സ്ഫോടക വസ്തു നിറച്ച കാർ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. ഉഗ്രസ്ഫോടനത്തിൽ കാറും ബസും ചിന്നിച്ചിതറി. 40 ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഏറ്റെടുത്തു.
ആക്രമണം നടന്ന് 12-ാം ദിവസം പാകിസ്ഥാനിലെ ബാലക്കോട്ടിൽ ഇന്ത്യയുടെ തിരിച്ചടിയുണ്ടായി. ഓപ്പറേഷൻ ബന്ദർ എന്ന വ്യോമാക്രമണത്തിലൂടെ നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മിന്നലാക്രമണത്തിലൂടെ തകർത്തായിരുന്നു ഇന്ത്യൻ സൈന്യത്തിൻ്റെ മറുപടി. 1971-ലെ യുദ്ധത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ നടത്തുന്ന ആദ്യ വ്യോമാക്രമണമായിരുന്നു ഇത്. ഓപ്പറേഷൻ ബന്ദറിലൂടെ നൂറുകണക്കിന് തീവ്രവാദികളെ വധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ബാലക്കോട്ട് വ്യോമാക്രണത്തിൻ്റെ പിറ്റേദിവസം പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. ഇന്ത്യൻ ഫൈറ്റർ പൈലറ്റുമാർ ശക്തമായ തിരിച്ചടി നൽകി. തിരിച്ചടിക്കിടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാന് സൈന്യം പിടികൂടി. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം അഭിനന്ദൻ വർധമാനെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. പിന്നീട് വർധമാനെ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തുകയും വീരചക്ര നൽകി ആദരിക്കുകയും ചെയ്തു.