വാഷിംങ്ടൺ: ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും അവിടെ ജീവിക്കാൻ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവൻ ബാധകമാണെന്ന് നരേന്ദ്ര മോദി. അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയും യുഎസും സംയുക്തമായി മനുഷ്യക്കടത്ത് ശൃംഖല അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ഈ മുഴുവൻ ശൃംഖലക്കെതിരെയാണ്. ഇതില്‍ അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയിലെ യുവാക്കളും ദുർബലരും ദരിദ്രരുമായ ആളുകൾ പറ്റിക്കപ്പെടുകയാണ്. വലിയ സ്വപ്നങ്ങളും വലിയ വാഗ്ദാനങ്ങളും കണ്ട് ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവർ. എന്തിനാണ് കൊണ്ടുവരുന്നതെന്ന് പോലും അറിയാതെയാണ് പലരും എത്തിപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.