പെരുമാറ്റച്ചട്ടത്തില്‍ ഗൗതം ഗംഭീറിനും ഇളവില്ല, പേഴ്സസണൽ അസിസ്റ്റന്‍റിനെ കൂടെ താമസിപ്പിക്കാനാവില്ലെന്ന് ബിസിസിഐ
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഏര്‍പ്പെടുത്തിയ കര്‍ശന പെരുമാറ്റച്ചട്ടങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ നടപ്പാക്കാനൊരുങ്ങി ബിസിസിഐ. കളിക്കാരുടെ കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനക്ക് പുറമെ കോച്ച് ഗൗതം ഗംഭീറിനും നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ചാമ്പ്യൻസ് ട്രോഫിക്കായി ദുബായിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള ഗൗതം ഗംഭീറിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റിന് ടീം താമസിക്കുന്ന ഹോട്ടലില്‍ താമസ സൗകര്യം നല്‍കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഓസ്ട്രേലിയൻ പര്യടനത്തിലും ഗൗതം ഗംഭീറിനൊപ്പമുണ്ടായിരുന്ന പേഴ്സണല്‍ അസിസ്റ്റന്‍റ് ടീം ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ചാമ്പ്യൻസ് ട്രോഫി മുതല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.
കാറില്‍ ചീഫ് സെലക്ടര്‍ക്കായി നീക്കിവെച്ച സീറ്റില്‍ ഗംഭീറിന്‍റെ പിഎ ഇരുന്നതും ഓസ്ട്രേലിയക്കെതിരാ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ബിസിസിഐ ഹോസ്പിറ്റാലിറ്റി സീറ്റ് ഗംഭീറിന്‍റെ പി എയ്ക്ക് അനുവദിച്ചതുമെല്ലാം ബിസിസിഐയെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഗംഭീറും ചീഫ് സെലക്ടറും മാത്രം ഉണ്ടാവേണ്ട കാറില്‍ പി എ കൂടി ഇരിക്കുന്നതോടെ ടീം സെലക്ഷന്‍റെ രസഹ്യസ്വഭാവം പോലും നഷ്ടമാകുന്നതായാണ് ബിസിസിഐ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യൻ ടീമിനകത്തെയും ഡ്രസ്സിംഗ് റൂമിലെയും പലവിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടാന്‍ തുടങ്ങിയതോടെയാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്.
ഇതിന് പുറമെ ടീം അംഗങ്ങക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മാത്രമായി പരിമിതപെടുത്തിയിട്ടുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബ്രേക്ക് ഫാസ്റ്റിന് പോലും ഗംഭീറിന്‍റെ പി എ കളിക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നതും ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെയാണ് കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഏര്‍പ്പെടുത്തിയ പെരമാറ്റച്ചട്ടം ഗംഭീറിന്‍റെ കാര്യത്തിലും കര്‍ശനമാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിര്‍ദേശം നടപ്പിലാവുന്നതോടെ ഗംഭീറിന്‍റെ പി എക്ക് ഇനി മുതല്‍ ടീം ബസില്‍ യാത്ര ചെയ്യുകയോ ടീം താമസിക്കുന്ന ഹോട്ടലില്‍ താമസിക്കാനോ കഴിയില്ല.