ഡെറാഡൂൺ: 38ാമത് ദേശീയ ഗെയിംസ് മത്സരങ്ങൾക്ക് പരിസമാപ്തി. കഴിഞ്ഞ തവണ ഗോവയിൽ മഹാരാഷ്ട്രയുടെ ആധിപത്യത്തിന് മുന്നിൽ ചാമ്പ്യൻഷിപ് നഷ്ടപ്പെട്ട സർവിസസ് ഇക്കുറി തിരിച്ചുപിടിച്ചതാണ് പ്രധാന സവിശേഷത.
67 സ്വർണവും 26 വെള്ളിയും 27 വെങ്കലവുമടക്കം 120 മെഡലുകളാണ് സൈനിക സംഘത്തിന്റെ സമ്പാദ്യം. ഗോവയിൽ അഞ്ചാമതായിരുന്ന കേരളം 14ാംസ്ഥാനത്തേക്ക് വീണു.
13 സ്വർണവും 17 വെള്ളിയും 24 വെങ്കലവുമായി 54 മെഡലുകളാണ് നേട്ടം. 2023ൽ കേരളത്തിന് 36 സ്വർണമടക്കം 87 മെഡലുകളുണ്ടായിരുന്നു. 19 സ്വർണവും സമ്മാനിച്ച കളരിപ്പയറ്റ് ഇക്കുറി മത്സര ഇനമല്ലായിരുന്നു.
അതേസമയം, രണ്ടാംസ്ഥാനത്തേക്ക് മാറിയ മഹാരാഷ്ട്ര (195) ആകെ മെഡൽ എണ്ണത്തിൽ ഒന്നാമതാണ്. 54 സ്വർണവും 70 വെള്ളിയും 72 വെങ്കലവുമാണ് ഇവർക്കുള്ളത്.
മൂന്നാംസ്ഥനക്കാരായ ഹരിയാനയും (150) ആകെ മെഡൽ എണ്ണം നോക്കുമ്പോൾ സർവിസസിനേക്കാൾ മുന്നിലാണ്. സ്വർണ മെഡലുകൾ കൂടിയതിന്റെ ആനുകൂല്യത്തിലാണ് സർവിസസ് ചാമ്പ്യന്മാരായത്. 39ാമത് ദേശീയ ഗെയിംസ് 2027ൽ മേഘാലയയിൽ നടക്കും.