ന്യൂഡല്‍ഹി: ദില്ലി സര്‍ക്കാരിന്റെ ഷെല്‍ട്ടര്‍ ഹോമില്‍  പാര്‍പ്പിച്ചിരുന്ന അന്തേവാസികളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ  തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാക്കി എന്ന കേസില്‍ ദില്ലി സെഷന്‍സ് കോടതി, ഷെല്‍ട്ടര്‍ ഹോമിന്റെ മുന്‍ സൂപ്രണ്ടിനെ ജീവപര്യന്തം കഠിന തടവ്  ശിക്ഷ വിധിച്ചു. 

അഡീഷണല്‍ സെഷന്‍സ് ജഡ്ജ്  അനു അഗര്‍വാള്‍  ആണ് നിര്‍ണായകമായ ഈ വിധിപ്രസ്താവം നടത്തിയത്. ജീവപര്യന്തം കഠിന തടവിന് പുറമെ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി 8 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

കുട്ടികള്‍ക്ക് നേരെ ക്രൂരമായ ലൈംഗികപീഡനങ്ങള്‍, അതും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിശ്വസിച്ചേല്‍പ്പിച്ച ആളുകളുടെ ഭാഗത്തു തന്നെ ഉണ്ടാവുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ് എന്ന് കോടതി നിരീക്ഷിച്ചു. 
സംരക്ഷകന്‍ തന്നെ വേട്ടക്കാരന്‍ ആവുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പീഡനം അടക്കമുള്ള നിരവധി ക്രിമിനല്‍ ചട്ടങ്ങള്‍ ചേര്‍ത്താണ് പ്രതിയെ  കോടതി വിചാരണ ചെയ്തത്.

പീഡനത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ എല്ലാം  തന്നെ പത്തുവയസ്സിനു താഴെയുള്ളവരായിരുന്നു എന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ കുറുവത്ത് വേണുഗോപാല്‍  വാദിച്ചു.  

ഷെല്‍ട്ടര്‍ ഹോമിന്റെ  സൂപ്രണ്ട് ആയ പ്രതി വഹിച്ചിരുന്ന സ്ഥാനം ഒരു പിതാവിന്റെ  സ്ഥാനം ആയിരുന്നു. എന്നാല്‍ തന്റെ അധികാരം ഉപയോഗിച്ച് പ്രതി അന്തേവാസികളായ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു.
 പ്രതിയുടെ പ്രവര്‍ത്തി ഇരകളിലുണ്ടാക്കിയ മാനസിക ശാരീരിക ആഘാതം കണക്കിലെടുത്താല്‍ പ്രതി യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല എന്നും പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍  കോടതിയെ ബോധിപ്പിച്ചു.

2016 ജൂണ്‍ 2ന്  ആണ് കേസിന് ആസ്പദമായ സംഭവം. പീഡനത്തിനിരയായ അന്തേവാസികളായ പെണ്‍കുട്ടികള്‍ വെല്‍ഫയര്‍ ഓഫീസര്‍ക്ക്  പരാതി നല്‍കുകയും അന്നത്തെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി  അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 

പരാതിയുടെ അടിസ്ഥാനത്തില്‍   ദില്ലി ലജ്പത് നഗര്‍  പോലീസ് സ്റ്റേഷനിലാണ്  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ വിധേയമായി പ്രതിയെ  2016ല്‍ സൂപ്രണ്ട്  പദവിയില്‍ നിന്ന്  സസ്‌പെന്‍ഡ് ചെയ്തിരുന്നു. 9 വര്‍ഷങ്ങളുടെ വിചാരണയ്ക്ക് ഒടുവില്‍ ഇരകള്‍ക്ക് നീതി ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *