കണ്ണൂര്‍: ടിപി വധകേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് നിയമാനുസൃതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
വിവാദങ്ങളുടെ ഉടുക്ക് കൊട്ടി വെടിക്കെട്ടുകാരുടെ മക്കളായ കമ്യുണിസ്റ്റുകാരെ പേടിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഡിസി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതുകൊണ്ടൊന്നും കമ്യുണിസ്റ്റുകാരെ പേടിപ്പിക്കാനാവില്ല. വെടിക്കെട്ടുകാരുടെ മക്കളെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത് പോലെയാണിത്. നിയമാനുസൃതമല്ലാതെ പരോള്‍ പ്രതികള്‍ക്ക് അനുവദിക്കാന്‍ ആര്‍ക്കും കഴിയില്ല. കുടുതല്‍ കാലം ജയിലില്‍ കിടന്നതുകൊണ്ടാണ് പരോള്‍ അനുവദിച്ചത്.
നീതിയും നിയമവും നടപ്പിലാക്കുന്ന സര്‍ക്കാരാണിത്. എന്റെ ഓര്‍മ്മയില്‍ ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചത് മമ്പറം ദിവാകരനാണ് ഏഴു വര്‍ഷം ശിക്ഷിച്ച മമ്പറം ദിവാകരന്‍ ഏഴു ദിവസം മാത്രമേ ജയിലില്‍ കിടന്നിട്ടുള്ളു.
ഞങ്ങളെയൊക്കെ കൊല കേസ് പ്രതികളെയെന്നപോലെയാണ് പിടിച്ചു ജയിലില്‍ കൊണ്ടു പോയത് കമ്യുണിസ്റ്റുകാര്‍ക്ക് തടവറ ഭയക്കേണ്ട കാര്യമില്ല. നിയമം ജയരാജനും വിഡി സതീശനും ഒരുപോലെയാണെന്ന് പ്രതിപക്ഷനേതാവ് ഓര്‍ക്കണമെന്നും’ അദ്ദേഹം പറഞ്ഞു.