തിരുവനന്തപുരം: czറെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്യുന്ന ബൈക്കുകളിലെ പെട്രോൾ പതിവായി മോഷണം പോകുന്നുവെന്ന് പരാതി. സ്റ്റേഷനടുത്തുള്ള പാതയോരങ്ങളിൽ പാർക്ക് ചെയ്ത് പിറ്റേന്ന് എടുക്കാനെത്തുന്നവരുടെ ബൈക്കുകളിൽ നിന്നുമാണ് പെട്രോൾ നഷ്ടപ്പെടുന്നത്. രാത്രികാലങ്ങളിലാണ് മിക്കവാറും സംഭവങ്ങളെന്നതിനാൽ പലർക്കും മോഷണം നടക്കുന്നത് അറിയുന്നില്ല.
അടുത്തിടെ, സ്റ്റേഷന് സമീപം പാർക്ക് ചെയ്ത വാഹനത്തിന് കേടുപാടുണ്ടായത് പരിശോധിച്ച യുവാവ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്. ഇതെത്തുടർന്ന് നാവായിക്കുളം കടമ്പാട്ടുകോണം സ്വദേശി സഞ്ജു വർക്കല പൊലീസിൽ പരാതി നൽകി. ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷ്ടാക്കളെന്നും ഇവരെ തിരിച്ചറിയുന്നതിന് പരിശോധന നടത്തുന്നുണ്ടെന്നും വർക്കല പൊലീസ് അറിയിച്ചു.
രാത്രി പന്ത്രണ്ട് മണിയോടെയാണ് യുവാക്കൾ ബൈക്കിനടുത്തെത്തിയത്. പതുക്കെ ബൈക്ക് നിര്‍ത്തി പാര്‍ക്ക് ചെയ്ത ബൈക്കിനോട് ചേര്‍ന്നിരുന്നാണ് പെട്രോൾ മോഷ്ടിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ഇവരുടെ മുഖവും വാഹനത്തിന്‍റെ നമ്പരും വ്യക്തമല്ലെന്നതിനാൽ സമീപത്തെ കാമറ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വാഹനം പാർ‌ക്ക് ചെയ്ത് ജോലിക്ക് പോകുന്നവരുടെ ബൈക്കുകളും ദീർഘദൂര യാത്രക്കാരുടെയും ബൈക്കിൽ നിന്നുമാണ് പെട്രോൾ മോഷണം പോകുന്നതെന്നും മിക്കവാറും ദിവസങ്ങളിൽ ട്രെയിൻ യാത്രകഴിഞ്ഞെത്തുന്നവർ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നത് കാണാറുണ്ടെന്നും നാട്ടുകാരും പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *