പുതുക്കയ് മുച്ചിലോട്ട് തിരുമുടി അഴിക്കുംവരെ ടിവി യിൽ കണ്ട്കൊണ്ടിരിക്കുമ്പോൾ ഒരു പാട് ചോദ്യം വന്നും പോയി കിടക്കുകയാണ്.
തമ്പുരാട്ടിയമ്മയുടെ മംഗല്യത്തിനായി ഇനിയും നമ്മൾക്ക് കാത്തിരിക്കാം എന്നാണ് ഇതിന് ഒരു ടാഗ് ലൈൻ എന്നപോലെ അവസാനം. കൊട്ടും കുരവയും നിലയ്ക്കുമ്പോൾ വാല്യക്കാർ ഒന്നാകെ കരയുന്നു.
വർഷങ്ങൾഓളം കാത്തിരുന്ന് പന്തലും സദ്യയും ഒരുക്കി അവസാനം കരഞ്ഞുകൊണ്ട് അന്ത്യം.
നിത്യകന്യക എന്ന പേര് ഇല്ലാതാകുന്നു താലികെട്ട് നടന്നാൽ, അതു കൊണ്ട് താലികെട്ട് മുടങ്ങി പോകുന്നു.എന്ത് വൈകൃതമാണ് ഇവിടെ ഉളള ചിന്താഗതി.
ഉടുത്ത് ഒരുങ്ങി ലാവണ്യത്തോടെ അവൾ കാത്തിരിക്കുന്നു.. കെട്ട് മുടങ്ങുന്നു.. തിരുമുടി അഴിക്കുന്നു.. എത്ര നീറ്റലാണ് ഇതൊക്കെ.
തെയ്യത്തിൽ നിന്ന് ഇന്നിലേക്കും ഇവിടെ നിന്ന് തെയ്യത്തിലേക്കും ദ്വവിധ സഞ്ചാരം നടത്തിയാൽ, ത്യാഗത്തിന്റെ മാനവികതയുടെ പ്രതിരോധത്തിന്റെ കഥയാണ് തെയ്യത്തിന്റെത്. ബലതന്ത്രങ്ങളാൽ രക്തസാക്ഷിയായ പെണ്ണ്. നിർഭയമായി ജീവിച്ച പെണ്ണിന്റെ കഥ.
എങ്ങനെ ഒരു പെണ്ണ് ഇന്ന് ജീവിക്കണം എന്ന പാഠം ഇതിൽ നിന്ന് എടുക്കാം.
എന്നാൽ അവളുടെ ആഗ്രഹങ്ങളെ നിഷേധിക്കുന്ന ഒരു കളിയാട്ടം ആ പെണ്ണിന് ഇഷ്ടപെടാത്തതല്ലേ, ആഗ്രഹിച് കാത്തിരുന്ന താലികെട്ട് മുടങ്ങി പോകുന്നത് !
സംശയങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വധൂവരന്മാർ തമ്മിലുള്ള കല്യാണമല്ല ഇത് നമ്പൂതിരി കുടുംബങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ് താലികെട്ട് കല്യാണം.
കന്യകയുടെ പിതാവ് സ്വന്തം മകളുടെ കഴുത്തിലണിയിക്കുന്ന താലികെട്ട് എന്ന കല്ല്യാണമാണ് ഇതിൻ്റെ പുരാവൃത്തം എന്നാണ് അറിഞ്ഞത്.
ഇവിടെ നിന്ന് ചോദിക്കുമ്പോൾ കുറെ ശരികൾ കണ്ടുപിടിക്കാം. മകളുടെ കഴുത്തിൽ താലി അണിഞ്ഞു, അതുവരെ സന്തോഷിച്ച അവളുടെ ജീവിതം പിന്നീട് ഒരു വഴി തിരിവ് ആയാലോ.
ശേഷിക്കുന്ന അവളുടെ ജീവിതത്തിൽ ഒരു പക്ഷേ ചരിത്രം എഴുതാനുള്ള തൂലിക മകളുടെകയ്യിൽ നിന്ന് മാറി മറ്റൊരാൾ എഴുതി വച്ചാലോ. ഇത്തരം വേവലാതിയെ പറ്റി ചിന്തിക്കേണ്ടി ഇരിക്കുന്നു.
കാരണം, ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്ന പുരുഷ മേധാവിത്വത്തിൽ രക്തസാക്ഷിയായ ഒരോ പെണ്ണിന്റെയും പിറകിൽ ഒരു ഞെട്ടലിൽ ഇരുത്തം ഉറപ്പിച്ച പിതാവ് ഉണ്ടാകും.
അങ്ങനെ ആലോചിക്കുമ്പോൾ സംവത്സരങ്ങൾക്കു ശേഷം നിത്യകന്യക, അന്നപൂർണേശ്വരി മുച്ചിലോട്ടമ്മ കന്യക ആയിരിക്കട്ടെ എന്ന ആഗ്രഹിച്ചു പോകുന്നതിൽ തെറ്റില്ല.
ദക്ഷിണ കൊടുത്ത് കുറി മേടിക്കലിൽ ഒതുങ്ങുന്നില്ല ഒരു തെയ്യക്കോലവും.
-ഡോ. വിസ്മയ ദാമോദരൻ