അത്താണി: തൃശൂര്‍ ജില്ലയിലെ അത്താണിയില്‍ ക്ഷേത്രത്തിലെ പൂരത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് രണ്ട് യുവതികള്‍. കുറ്റിയങ്കാവ് പൂരത്തിരക്കിനിടയിലാണ് സംഭവം. ക്ഷേത്രത്തിലെത്തിയ മുണ്ടത്തിക്കോട് മാരാത്ത് കമലാക്ഷിയുടെ(74) രണ്ട് പവന്റെ മാലയാണ് മോഷണം പോയത്. ക്ഷേത്ര പരിസരത്ത് വെച്ചാണ് മോഷണം നടന്നത്.

അത്താണിക്ക് സമീപം മിണാലൂരിലെ കുറ്റിയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കമലാക്ഷി. ക്ഷേത്ര ദര്‍ശനത്തിനിടെയാണ് തന്റെ സ്വര്‍മാല കാണാനില്ലെന്ന് വയോധിക മനസിലാക്കിയത്. 

ക്ഷേത്ര പരിസരത്ത് തെരച്ചില്‍ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഇതോടെ കമലാക്ഷി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെത്തിയ രണ്ട് സ്ത്രീകള്‍ വയോധികയെ വളഞ്ഞ് മാല പൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായത്. 

വെള്ള ചുരിദാറും പച്ച ഷാളുമിട്ട ഒരു യുവതിയും പര്‍പ്പിള്‍ കളറിലുള്ള സാരി ധരിച്ച ഒരു സ്ത്രീയും വയോധികയുടെ അടുത്തെത്തുന്നതും ഇവരെ വളഞ്ഞ് പിന്നില്‍ നിന്നും മാല പൊട്ടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

കമലാക്ഷി ക്ഷേത്രനടയില്‍ പ്രസാദം വാങ്ങാനായി നിക്കുമ്പോഴാണ് സംഭവം. നിരവധി പേര്‍ ചുറ്റിലുമുണ്ടായിരുന്ന സമയത്തായിരുന്നു സ്ത്രീകള്‍ വിദഗ്ധമായി മാല മോഷ്ടിച്ചത്. പിന്നീട് ക്ഷേത്രത്തിലെ പ്രസാദം വാങ്ങി ഇവര്‍ കൂളായി തിരിച്ച് പോകുന്നതും കാണാം. മോഷണം നടത്തിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *