തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് പുന:സംഘടന ചർച്ചകൾ പാതി വഴിയിൽ നിലച്ചു. പത്ത് വർഷം അധികാരത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട പാർട്ടിക്ക് തിരിച്ചു വരവിനുള്ള പ്രതീക്ഷകൾ പാടെ ഇല്ലാതാക്കിയാണ് നേതൃത്വത്തിന്റെ പെരുമാറ്റം.
താഴേത്തട്ടിൽ പാർട്ടി സംവിധാനങ്ങൾ ചലനമറ്റെന്നും പാർട്ടിയുടെ മുഴുവൻ സംഘടനാ സംവിധാനവും കാലോചിതമായി പുന:സംഘടിപ്പിക്കണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആവശ്യമുയർന്നിരുന്നു.

ഇതിന് പുറമേ സംസ്ഥാനത്ത് കോഴിക്കോട്ടും വയനാട്ടിലും നടന്ന രണ്ട് ചിന്തൻ ശിബിരങ്ങളിലും ഇതുസംബന്ധിച്ച ആലോചനകൾ സജീവമായിരുന്നെങ്കിലും നിലവിൽ കാര്യങ്ങൾ പാതി വഴിയിൽ നിലച്ചുവെന്നതാണ് യാഥാർത്ഥ്യം.

കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനും വി.ഡി സതീശൻ പ്രതിപക്ഷനേതാവുമായി ചുമതലേയറ്റ സമയത്താണ് അവസാനമായി പാർട്ടി പുന:സംഘടിപ്പിച്ചത്. അന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ, ഡി.സി.സി അദ്ധ്യക്ഷൻമാർ എന്നിവരെ നിയമിച്ചിരുന്നു.
എന്നാൽ ഭൂരിഭാഗം ജനറൽ സെക്രട്ടറിമാരുടെയും ഡി.സി.സി അദ്ധ്യക്ഷൻമാരുടെയും പ്രവർത്തനമികവ് ശരാശരിയിലും താഴേയാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്. ഇതുവരെ കെ.പി.സി.സി സെക്രട്ടറിമാരെയും നിയമിച്ചിട്ടില്ല.

അന്ന് നടക്കേണ്ട മണ്ഡലം തലം മുതൽ ബ്ലോക്ക് തലം വരെയുള്ള പുന:സംഘടന ഇപ്പോഴാണ് പൂർത്തിയായി വരുന്നത്.

എന്നാൽ പാർട്ടി താഴേത്തട്ടിൽ ചലിപ്പിക്കാൻ ആവശ്യമായ ഊർജ്ജം പകരേണ്ട ജില്ലാ നേതൃത്വവും കെ.പി.സി.സി തലത്തിൽ വീതിച്ചു നൽകിയിട്ടുള്ള ചുമതല നിർവ്വഹിക്കുന്നതിൽ നേതാക്കൾക്കുണ്ടായ വീഴ്ച്ചയും പാർട്ടിയെ അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിലാക്കി.
സംഘടനാ യോഗങ്ങൾ ചേരുമ്പോൾ അതിലൊന്നും ഉണ്ടാവാത്ത കാര്യങ്ങൾ വാർത്തയുടെ രൂപത്തിൽ മാദ്ധ്യമങ്ങൾക്ക് നൽകുന്ന ചില കെ.പി.സി.സി ഭാരവാഹികളുടെ നടപടികളും പാർട്ടിയെ കൂടുതൽ ശോഷിപ്പിക്കുന്നതായിരുന്നു.

ഇതിനെല്ലാം പുറമേ രമേശ് ചെന്നിത്തലയെ ചുറ്റിപ്പറ്റി ഉയർന്നുവന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി വിവാദവും പാർട്ടിയിൽ പടലപിണക്കമുണ്ടെന്ന സന്ദേശമാണ് പുറത്തേക്ക് നൽകിയത്.

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ.സുധാകരനെ മാറ്റുമെന്ന പ്രചാരണവും ആരാവണം അദ്ധ്യക്ഷനെന്ന പ്രചാരണവും പാർട്ടിയിലുണ്ടായിരുന്ന ഐക്യ സന്ദേശത്തെയും ബാധിച്ചു. 
പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി കെ.സുധാകരനുള്ള പടലപിണക്കത്തിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ ണ്ടാകുന്നതെന്ന് വ്യാഖ്യാനിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലുള്ള ചിലർ മന:പൂർവ്വം ശ്രമിച്ചുവെന്നും അതിൽ ചില ഭാരവാഹികളുടെ കറുത്ത കൈകളുണ്ടെന്നും ആരോപണമുയർന്നിരുന്നു.

ഇത്തരം കോലാഹലങ്ങൾ കോൺഗ്രസിൽ പതിവായതോടെ അതിന്റെ അലയൊലികൾ യു.ഡി.എഫിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

നിരവധി പ്രതിസന്ധികളിൽപെട്ട സർക്കാരും സി.പി.എമ്മും പിന്നോട്ട് പോകുന്ന അവസ്ഥയിൽ കോൺഗ്രസിനുള്ളിലെ പ്രതികൂല അന്തരീക്ഷം അവർക്ക് സഹായകരമാവുകയും ചെയ്തു.
കോൺഗ്രസ് നേതൃത്വത്തിൽ തമ്മിലടിയാണെന്നും മുന്നാംവട്ടവും സി.പി.എമ്മിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് തിരിച്ചുവരുമെന്നുമുള്ള പ്രതീതി സൃഷ്ടിക്കാൻ അവർക്ക് കഴിയുകയും ചെയ്തു.

ഇടത് സർവ്വീസ് സംഘടനകൾ വഴി പൊതുജനങ്ങളിൽ അങ്ങനെയൊരു സന്ദേശം പ്രചരിപ്പിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതിനിടെ കോൺഗ്രസ് പുന:സംഘടന സംബന്ധിച്ച് നേതാക്കളോട് ഒറ്റയ്ക്കും കൂട്ടായും ചർച്ചകൾ നടത്തിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി മൗനിബാബയായി തുടരുകയാണ്. പുന:സംഘടന നടക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും ഉറപ്പും നേതൃത്വത്തിനുമില്ല. 
തദ്ദേശത്തിരഞ്ഞെടുപ്പിൽ വിജയഭേരി മുഴക്കാൻ സി.പി.എമ്മും ബി.ജെ.പിയും അവരുടെ സംഘടനാ സംവിധാനം അഴിച്ചു പണിത് അതത് പാർട്ടികളിൽ പുതിയ ഊർജ്ജം നൽകുമ്പോൾ കോൺഗ്രസ് പെരുവഴിയിൽ ഉർദ്ധ്വശ്വാസം വലിക്കുന്ന അവസ്ഥയിലാണുള്ളത്.
2025 പുന:സംഘടനാ വർഷമെന്ന് ബെലഗാവിയിൽ ചേർന്ന പ്രവർത്തകസമിതി തീരുമാനിച്ചെങ്കിലും കേരളത്തിന് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് നേതാക്കളുടെ പ്രവർത്തനം. ഡൽഹിയുടെ വഴിയിലാണ് കേരളത്തിലെ കോൺഗ്രസെന്നും പാർട്ടിക്കുള്ളിൽ വിമർശനമുയർന്നു കഴിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *