കോട്ടയം: മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് കോളേജില്‍ അതിക്രൂരറാഗിങ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തു. നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍(20), വയനാട് നടവയല്‍ ഞാവലത്ത് ജീവ(19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത്(20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍രാജ്(22), കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.

കോളേജ് തുറന്ന ദിവസംമുതലാണ് ഹോസ്റ്റലില്‍ റാഗിങ് അരങ്ങേറിയത്. കോളേജില്‍ അധ്യയനം തുടങ്ങിയ നവംബര്‍ നാലുമുതല്‍ തിങ്കളാഴ്ചവരെ തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കിയും കത്തിവെച്ച് ഭീഷണിപ്പെടുത്തിയുമാണ് ക്രൂരപീഡനം നടത്തിയത്. ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയതായും, ഈ മുറിവുകളില്‍ ലോഷന്‍ ഒഴിച്ചിരുന്നുവെന്നും പരാതിയുണ്ട്.

ലോഷന്‍ വീണ് വേദനയെടുത്ത് പുളയുമ്പോള്‍ വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കും. നഗ്നരാക്കിനിര്‍ത്തി സ്വകാര്യഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കും. ഞായറാഴ്ച ദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നതിനായി ഊഴമിട്ട് പിരിവെടുത്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നഴ്‌സിങ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ക്രൂരമായ റാഗിങ് നടന്നത്.

പീഡനം പുറത്തറിയാതിരിക്കാന്‍, റാഗിങ്ങിന് വിധേയരാകുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി. ഈ വീഡിയോ പുറത്തായാല്‍ പഠനംതന്നെ നിലയ്ക്കുമെന്ന ഭയത്താല്‍, പീഡനത്തിനിരയായവര്‍ വിവരം പുറത്തുപറഞ്ഞില്ല. നിലവില്‍ അഞ്ചുപേരെയാണ് അറസ്റ്റുചെയ്തതെങ്കിലും, കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇരയായ വിദ്യാര്‍ഥികളില്‍ ഒരാളോട് സീനിയര്‍ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച പണം ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ കഴിയാതെവന്നതിനെത്തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇത് സഹിക്കാനാകാതെ വിദ്യാര്‍ഥി രക്ഷിതാക്കളെ വിവരമറിയിച്ചു. രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരമാണ്, ഒന്നാംവര്‍ഷവിദ്യാര്‍ഥികള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടക്കത്തില്‍, തര്‍ക്കമെന്നുകരുതിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തിലാണ് റാഗിങ് വിവരങ്ങള്‍ പുറത്തുവന്നത്. ഗാന്ധിനഗര്‍ എസ്.എച്ച്.ഒ. ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *