പത്തനംതിട്ട: വാടകയ്ക്ക് വീട് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആളില്ലാത്ത വീട്ടിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോന്നി മാര്‍ക്കറ്റ് ജങ്ഷന്‍ കോയിപ്പുറത്ത് വീട്ടില്‍ സാം മോനി സാമുവലാ(ഷാജി-50)ണ് പിടിയിലായത്.
ആലപ്പുഴ സ്വദേശിനിയെയാണ് ഇയാള്‍ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2022 നവംബറിലാണ് സംഭവം. കോന്നിയില്‍ ജോലിക്കെത്തിയ യുവതിയെ ടൗണില്‍ തന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ആരുമില്ലെന്നും അവിടെ വാടകയ്ക്ക് താമസിക്കാമെന്നും അറിയിച്ച യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രവാസിയായ പ്രതി തുടര്‍ന്ന് വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാര്‍ച്ചിലും 2024ലും ഈ വീട്ടില്‍ വച്ച് പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുകയും അവ യുവതിക്ക് വാട്‌സാപ്പ് വഴി അയയ്ക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ കോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിദേശത്തേക്ക് കടക്കാന്‍ വേഗം ടിക്കറ്റ് ബുക്ക് ചെയ്ത് കോന്നിവിട്ട ഇയാളെ യാത്രാമധ്യേ കൊട്ടാരക്കരവച്ച് പിടികൂടുകയായിരുന്നു.