മോദിയുടെ യാത്രയും വിപണികളുടെ പ്രതീക്ഷയും; ട്രംപ് വഴങ്ങിയില്ലെങ്കില്‍ വിപണിക്ക് എന്തുസംഭവിക്കും

രാജ്യം ഉറ്റുനോക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഫ്രാന്‍സില്‍ നിന്നാണ് നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിച്ചത്. രണ്ടുവര്‍ഷംമുമ്പ് തീര്‍ത്തും സൗഹൃദപരമായ സന്ദര്‍ശനമാണ് അമേരിക്കയിലേക്ക് നരേന്ദ്രമോദി അവസാനമായി നടത്തിയതെങ്കില്‍ ഇത്തവണ പക്ഷേ അമേരിക്കയിലേക്കുള്ള സന്ദര്‍ശനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കുകയും അമേരിക്കക്കെതിരെ തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ തിരിച്ചും തിരുവ ചുമത്തുമെന്നുമുള്ള ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന അവസരത്തിലാണ് മോദി അമേരിക്കയില്‍ എത്തുന്നത്.

ഓഹരി വിപണികളും അമേരിക്കയിലേക്കുള്ള മോദിയുടെ യാത്രയെ പ്രതീക്ഷയോടെയാണ് ഒറ്റ നോക്കുന്നത്. ട്രംപ് അധികാരമേറ്റശേഷം കനത്ത തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഉണ്ടാകുന്നത്. 21 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഓഹരികളാണ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്. രൂപയാകട്ടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യന്‍ ഓഹരി വിപണി ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ഇടിവ് നേരിടുന്ന ഓഹരി വിപണികളിലൊന്നായി. ഇതിന് പുറമെയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണി.അമേരിക്കന്‍ പ്രസിഡണ്ടുമായി മോദി ചര്‍ച്ച നടത്തുകയും ഇന്ത്യയുമായുള്ള തീരുവ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയും അത് അനുകൂലമാവുകയും ചെയ്താല്‍ നിക്ഷേപകരില്‍ അത് പ്രതീക്ഷ ജനിപ്പിക്കും. ഇത് വന്‍ തകര്‍ച്ച നേരിടുന്ന ഓഹരി വിപണികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായിരിക്കും.

കോവിഡിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് നീങ്ങുകയാണ് ഇന്ത്യ. ഏഷ്യയില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന ഇന്ത്യന്‍ കറന്‍സി  ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ടും മോദിയും തമ്മിലുള്ള ചര്‍ച്ചകള്‍ സൗഹൃദാ അന്തരീക്ഷത്തില്‍ ആയാല്‍ ഈ പ്രതിസന്ധിക്കെല്ലാം താല്‍ക്കാലിക വിരാമം നല്‍കാന്‍  സാധിക്കും. ആശങ്കാകുലരായ നിക്ഷേപകരില്‍ ആത്മവിശ്വാസം പുനസ്ഥാപിക്കുന്നതിന,് താരിഫുകളില്‍ നിന്ന് ഇളവുകള്‍ ഉറപ്പാക്കുക എന്നുള്ള വെല്ലുവിളിയാണ് മോദിക്ക് മുന്നില്‍ ഉള്ളത്. അമേരിക്കന്‍ ഭരണകൂടം ഏകപക്ഷീയമായി ഇന്ത്യക്കെതിരെ ഇറക്കുമതി തിരുവകള്‍ ചുമത്തില്ലെന്ന് ഉറപ്പു നല്‍കുന്നില്ലെങ്കില്‍ മോദിയുടെ യുഎസ് യാത്രയ്ക്ക് കാര്യമായ സ്വാധീനം ഉണ്ടാകില്ലെന്നാണ് വിപണികളുടെ ആശങ്ക.

By admin