കോട്ടയം: സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു പകുതിവലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 118 കേസുകള്‍. 

കാഞ്ഞിരപ്പള്ളിയില്‍ ആണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 30 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. 

എരുമേലി 22, മുണ്ടക്കയം 18, പൊന്‍കുന്നം 10, ഈരാറ്റുപേട്ട 9, പാലാ 6, കുറവിലങ്ങാട് 4, കറുകച്ചാല്‍ 3 കേസുകളും തലയോലപ്പറമ്പ്, വൈക്കം, പള്ളിക്കത്തോട്, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ രണ്ട് കേസുകള്‍ വീതവും, കോട്ടയം വെസ്റ്റ്, ചങ്ങനാശേരി, മണിമല, മേലുകാവ്, പാമ്പാടി, രാമപുരം എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസു വീതമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 
ഓരോ സ്‌റ്റേഷനുകളിലും പരാതികള്‍ കുന്നുകൂടുന്ന അവസ്ഥയുണ്ട്. പക്ഷേ, എല്ലാ പരാതികളിലും പോലീസ് കേസ് എടുത്തിട്ടില്ല. 

പൊൻകുന്നത്ത് 75 പേരാണ് ഒന്നിച്ചു ചെന്നു പരാതി നൽകിയത്. പക്ഷേ ഇവിടെ രജിസ്റ്റർ ചെയ്തത് 10 കേസുകൾ മാത്രം. സമാന അവസ്ഥ മറ്റു പലയിടത്തും ഉണ്ട്. കേസെടുക്കാത്ത പരാതിക്കാരെ കേസിൽ കക്ഷി ചേർക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രതി അനന്തു കൃഷ്ണന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഈരാറ്റുപേട്ടിയില്‍ ഭൂമി വാങ്ങിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഈരാറ്റുപേട്ട മറ്റക്കാട് ഭാഗത്താണ് തെളിവെടുപ്പിനായി കൊണ്ടു വന്നിരുന്നു.
ഒരു വര്‍ഷം മുമ്പാണ് പൂഞ്ഞാര്‍ റോഡില്‍ എം.എല്‍.പി.എസിന് സമീപത്ത് അനന്തു കൃഷ്ണന്‍ സൊസൈറ്റി ഓഫീസ് ആരംഭിച്ചത്. 
ഈരാറ്റുപേട്ട സോഷ്യോ എക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസായാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 

ന്യൂനപക്ഷ വിഭാഗത്തിന് വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായവും ചെയ്യുമെന്നാണ് അറിയിച്ചത്. വീടുകള്‍ കയറി ആളെ കണ്ടെത്തുന്നതിന് വനിത ജീവനക്കാരെയും നിയമിച്ചു. 

പകുതി വിലയ്ക്ക് ലാപ്‌ടോപ്പും മെഷീനും വാങ്ങിയ നൂറുകണക്കിന് പേരാണ് സ്‌കൂട്ടര്‍ ലഭിക്കാന്‍ പകുതി തുക അടച്ചത്. 
ആദ്യം ബുക്ക് ചെയ്ത കുറച്ചു പേര്‍ക്ക് വാഹനം കൊടുക്കാന്‍ രണ്ടു മാസം മുമ്പ് പി.ടി.എം.എസ് ഓഡിറ്റോറിയത്തില്‍ പരിപാടി ഇവര്‍ സംഘടിപ്പിച്ചിരുന്നു. 
അനന്തു അറസ്റ്റിലായതിനെ തുടര്‍ന്ന് ഇവിടുത്തെ ഓഫീസ് പൂട്ടി പോലീസ് സീല്‍ വെച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *