കൊല്ലം: ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. കേസിലെ ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് ഇന്ന് ആരംഭിക്കുന്നത്.
മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. മാനസിക നിലയിൽ തകരാറില്ല എന്നാണ് റിപ്പോർട്ട് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഡോ. വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ ഇന്ന് കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ തുടങ്ങുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ 2023 മെയ് 10നാണ് ഡോ വന്ദനദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ പ്രതി സന്ദീപ് ദാസ് വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.