തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വെ  ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഡിജിറ്റല്‍ റീ സര്‍വെ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10.30 ന് കൊല്ലം ചാത്തന്നൂര്‍ ചിറക്കര ഇഎകെ കണ്‍വെന്‍ഷന്‍ സെന്ററില്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. 

ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എന്‍ കെ പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

എംഎല്‍എമാരായ പി എസ് സുപാല്‍, എം നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, പി സി വിഷ്ണുനാഥ്, എം മുകേഷ്, ഡോ. സുജിത് വിജയന്‍ പിള്ള, സി ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപന്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജിഎസ് ജയലാല്‍ എംഎല്‍എ സ്വാഗതവും ജില്ലാ കളക്ടര്‍ എന്‍ ദേവീദാസ് നന്ദിയും പറയും. സര്‍വെ ഭൂരേഖ വകുപ്പ് ഡയറക്ടര്‍ സിറാം സാംബശിവ റാവു പദ്ധതി വിശദീകരണം നടത്തും. 

കേരളത്തെ കൃത്യതയോടെയും ശാസ്ത്രീയമായും അളക്കുന്നതിനും ഭാവി കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ക്കായി ഭൂവിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി ആരംഭിച്ച ഡിജിറ്റല്‍ റീ സര്‍വെ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടന്നു വരുന്ന ഡിജിറ്റല്‍ റീ സര്‍വെയില്‍ ഇതുവരെ ആറ് ലക്ഷം ഹെക്ടര്‍ ഭൂമിയലധികം അളന്നു കഴിഞ്ഞു.

ഒന്നാം ഘട്ടത്തില്‍ സര്‍വെ ആരംഭിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തില്‍ സര്‍വെ ആരംഭിച്ച 203 വില്ലേജുകളിലെ 47 വില്ലേജുകളിലെയും സര്‍വെ, പൂര്‍ത്തീകരിച്ച്, സര്‍വെ അതിരടയാള നിയമത്തിലെ 9 (2) പ്രഖ്യാപനം പ്രസിദ്ധീകരിച്ചു.

 ഒന്നും രണ്ടും ഘട്ടങ്ങളിലായി 44.54 ലക്ഷം ലാന്‍ഡ് പാര്‍സലുകളാണ് അളവ് പൂര്‍ത്തിയാക്കിയത്. റവന്യൂ, സര്‍വെ രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ നല്‍കുന്ന ഭൂസേവനങ്ങള്‍ സംയോജിപ്പിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന എന്റെ ഭൂമി സംയോജിത പോര്‍ട്ടല്‍ രാജ്യത്തിന് തന്നെ മാതൃകയാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *