ജസ്പ്രീത് ബുമ്ര ആശുപത്രിയില്‍ എന്ന ഫോട്ടോ പ്രചാരണം വ്യാജം, ചിത്രങ്ങള്‍ എഐ നിര്‍മിതം
മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ആശുപത്രിക്കിടക്കയില്‍ കഴിയുന്ന രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോണുകളില്‍ വൈറലാണ്. ബുമ്രയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള കുറിപ്പുകളോടെ പ്രചരിക്കുന്ന ഈ ഫോട്ടോകളുടെ യാഥാര്‍ഥ്യം പരിശോധിക്കാം.
പ്രചാരണം
ജസ്പ്രീത് ബുമ്ര മോശം അവസ്ഥയിലാണ്. ഒരു ലൈക്കും ലൗവും നല്‍കി ബുമ്രയെ അനുഗ്രഹിക്കുക, ബുമ്ര രാജ്യത്തിന്‍റെ അഭിമാനമാണ് എന്നിങ്ങനെ നീളുന്നു ഫോട്ടോ സഹിതമുള്ള കുറിപ്പ്. സിഡ്നിയില്‍ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിന് ശേഷം ബുമ്ര പരിക്കിന്‍റെ പിടിയിലായതിന് പിന്നാലെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയത്.
വസ്‌തുത
എന്നാല്‍ ജസ്പ്രീത് ബുമ്ര ആശുപത്രിയിലാണ് എന്ന തരത്തിലുള്ള ഫോട്ടോ പ്രചാരണം വസ്തുതാവിരുദ്ധമാണ്. ബുമ്ര ആശുപത്രിയില്‍ കഴിയുന്നതായുള്ള ഇരു ഫോട്ടോകളും എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണ്. പരിക്കേറ്റ ജസ്പ്രീത് ബുമ്ര ആശുപത്രിയിലാണ് എന്ന തരത്തിലൊരു വാര്‍ത്തയും പരിശോധനയില്‍ കണ്ടെത്താനായില്ല. അതേസമയം ഫോട്ടോകള്‍ എഐ നിര്‍മിതമാണെന്ന് എഐ ഫോട്ടോ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു. ഈ ചിത്രങ്ങള്‍ എഐ നിര്‍മിതമാവാന്‍ 99 ശതമാനം സാധ്യതയാണ് സൈറ്റ് എഞ്ചിന്‍ നല്‍കിയത്. ഹൈവ് മോഡറേഷനും എഐ സാധ്യത വ്യക്തമാക്കി.
നിഗമനം
ഇന്ത്യന്‍ ക്രിക്കറ്റര്‍ ജസ്പ്രീത് ബുമ്ര ആശുപത്രിയില്‍ കഴിയുന്നതായുള്ള ഇരു ചിത്രങ്ങളും എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണ്.
Read more: ‘മഹാകുംഭമേളയില്‍ കണ്ടുമുട്ടി അമിതാഭ് ബച്ചനും രേഖയും’; പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം