ലഖ്നൗ: ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ലളിത്പൂരിലെ സർക്കാർ ആശുപത്രിക്ക് സമീപം ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.
വഴിയരികിൽ ഉപേക്ഷിച്ച മൃതദേഹത്തെ തെരുവ് നായകൾ കടിച്ച് വലിച്ചതാകാമെന്നാണ് വിലയിരുത്തൽ.
മൃതദേഹത്തിലുണ്ടായിരുന്ന ടാഗിൽ നിന്ന് ബഹദൂർപൂർ സ്വദേശിനിയുടെ കുഞ്ഞാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി 9നാണ് ബഹദൂർപൂർ സ്വദേശിനിയെ ലളിത്പൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ യുവതി കുഞ്ഞിന് ജന്മം നൽകി.
എന്നാൽ മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിന് ഭാരക്കുറവുണ്ടായിരുന്നു. കുഞ്ഞിന്റെ നട്ടെല്ലും അവയവങ്ങളും പൂർണ വളർച്ച എത്തിയിരുന്നില്ല.
അതിനാൽ കുഞ്ഞിനെ ന്യൂബോൺ കെയർ യൂണിറ്റിലേക്ക് (എസ്എൻസിയു) മാറ്റിയിരുന്നു.
എന്നാൽ കുറച്ച് സമയത്തിന് ശേഷം കുഞ്ഞ് മരിച്ചു. മൃതദേഹം യുവതിയുടെ ബന്ധുക്കൾക്ക് കൈമാറിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന നടപടികളൊന്നും പൂർത്തിയാക്കാതെ നവജാത ശിശുവിൻ്റെ മൃതദേഹം ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച് യുവതിയും ബന്ധുക്കളും കടന്നുകളയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.