പത്തനംതിട്ട : മാര്‍ച്ചില്‍ പരീക്ഷ വരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോയി സമയം പാഴാക്കരുത് എന്ന നിലയില്‍ യൂട്യൂബ് ചാനലിലൂടെ കുട്ടികളോട് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കേസ് ഫയല്‍ ചെയ്തു. പത്തനംതിട്ട എസ്പിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്.
യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പരാതി നല്‍കിയതിന്റെ തുടര്‍ച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിയെ നേരില്‍ കാണും. പരീക്ഷയെഴുതാന്‍ മതിയായ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
വിദ്യാഭ്യാസപ്രക്രിയയെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തില്‍ എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ വന്നത്. മാര്‍ച്ചില്‍ പരീക്ഷ വരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോയി സമയം പാഴാക്കരുതെന്നായിരുന്നു ആഹ്വാനം. ഇനി വീട്ടിലിരുന്നു പഠിക്കാം എന്ന തലക്കെട്ടില്‍ 12 ദിവസം മുന്‍പാണ് വീഡിയോ പോസ്റ്റ്‌ചെയ്തത്.