അവസാനനിമിഷം വിവാഹം വേണ്ടെന്നുവച്ചു, വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് യുവാവ്, വൈറലായി പോസ്റ്റ്
പല കാരണങ്ങൾ കൊണ്ടും തീരുമാനിച്ചുറപ്പിച്ച വിവാഹങ്ങൾ നടക്കാതെ വരാറുണ്ട്. അതുപോലെ, തന്റെ കസിന്റെ വിവാഹം നടത്താൻ നിശ്ചയിച്ച തീയതിക്ക് ഒരാഴ്ച മുമ്പ് വേണ്ടെന്നുവച്ചതായി പറയുകയാണ് ഒരു റെഡ്ഡിറ്റ് യൂസർ. വരനാവാൻ പോകുന്ന യുവാവുമായി കസിൻ നടത്തിയ വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും ഇയാൾ പങ്കുവച്ചിട്ടുണ്ട്.
വരൻ യുഎപിഎസ്‍സിക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. വധുവാകാൻ പോകുന്ന യുവതിക്കും സർക്കാർ ജോലിയാണ്. വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ വീട്ടുകാർ ഇയാൾക്ക് സമ്മാനങ്ങൾ എത്തിച്ചു നൽകി. എന്നാൽ, ഇയാൾക്ക് ഈ സമ്മാനങ്ങളൊന്നും തന്നെ ഇഷ്ടമായില്ല. തന്റെ സ്റ്റാൻഡേർഡിന് ചേർന്നതല്ല ആ സമ്മാനങ്ങൾ എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്.
‘എന്ത് ചിന്തിച്ചിട്ടാണ് ഈ സമ്മാനങ്ങൾ കൊടുത്തയച്ചിരിക്കുന്നത്? ആരുടെ സ്റ്റാൻഡേർഡിനുള്ള സമ്മാനങ്ങളാണ് ഇത്’ എന്നാണ് യുവാവ് ചോദിക്കുന്നത്. അവിടം കൊണ്ടും തീർന്നില്ല. ഇതിലും ഭേദം സമ്മാനങ്ങളൊന്നും തന്നെ കൊടുത്തയക്കാതിരിക്കുന്നതായിരുന്നു എന്നും ഇയാൾ പറയുന്നുണ്ട്. ‘അങ്ങനെയാണെങ്കിൽ ഞാൻ എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സാധനങ്ങൾ വാങ്ങിയേനെ. ഇതിപ്പോൾ സ്ഥലം ഇല്ലാതായി. ആരുടെ മുന്നിലും കാണിക്കാവുന്ന സാധനങ്ങളും അല്ല ഇതൊന്നും’ എന്നാണ് ഇയാൾ പറയുന്നത്.
10 days before my cousin’s wedding
byu/Odd_Chocolate_4257 inindiasocial
‘ആ സമ്മാനങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അച്ഛനോട് നേരിട്ട് സംസാരിച്ചോളൂ’ എന്നാണ് യുവതി പറയുന്നത്. സംസാരിക്കുമെന്നും ഇനി ഒന്നും തന്നെ അയക്കേണ്ടതില്ല എന്നും യുവാവ് പറയുന്നു.
എന്തായാലും, റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിന് കമന്റുകളുമായി നിരവധിപ്പേരാണ് എത്തിയത്. പിന്നീട്, പോസ്റ്റിട്ട യൂസർ തന്നെ ഈ വിവാഹം വേണ്ടെന്ന് വച്ചു എന്ന് കുറിച്ചിട്ടുണ്ട്. അതെന്തായാലും നന്നായി എന്നായിരുന്നു ഭൂരിഭാഗം പേരുടെയും കമന്റ്.