‘ഷമിയെ കൊണ്ട് ആവില്ല, ബുമ്രയില്ലെങ്കില്‍ തീര്‍ന്നു’; ഇന്ത്യന്‍ പേസ് നിര ദുര്‍ബലമെന്ന് മുന്‍ താരം

ദില്ലി: ജസ്പ്രിത് ബുമ്ര ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ പേസ് ഡിപ്പാര്‍ട്ട്‌മെന്റ് ദുര്‍ബലമായി പോകുമെന്ന് മുന്‍ താരം ആകാശ് ചോപ്ര. പുറംവേദന കാരണം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ പേസര്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്രയെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും. അതിന് മുമ്പ് ടീം മാനേജ്‌മെന്റിന് തീരുമാനമെടുക്കണം. എങ്കില്‍ മാത്രമെ, ബുമ്രയ്ക്ക് പകരം മറ്റൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ.
 
എന്നാല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല. താരത്തിന്റെ പുരോഗതിയെക്കുറിച്ച് ഇപ്പോള്‍ ഒരു അപ്ഡേറ്റും ലഭ്യമല്ല. നിലവില്‍ ബെംഗളൂരു, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ആരും സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ലെന്നും അത് ഐസിസി ടൂര്‍ണമെന്റില്‍ ടീമിനെ പ്രതിസന്ധിയിലാക്കുമെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. നീണ്ട പരിക്കിനുശേഷം ഷമി തിരിച്ചെത്തി, ചുരുക്കം ചില മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ

ഇംഗ്ലണ്ടിനെതിരായ ഷമിയുടെ പ്രകടനത്തെ കുറിച്ച് ആകാശ് പറയുന്നതങ്ങിനെ… ”തിരിച്ചുവരവിന് ശേഷവും മുഹമ്മദ് ഷമി ടോപ്പ് ഗിയറില്‍ ആയിട്ടില്ല. അദ്ദേഹത്തിന്റെ വേഗത കുറഞ്ഞു. ഭുവനേശ്വര്‍ കുമാര്‍ മണിക്കൂറില്‍ 132 കിലോമീറ്റര്‍ വേഗതയില്‍ മികച്ച ബൗളറാണ്. എന്നാല്‍ മുഹമ്മദ് ഷമി മണിക്കൂറില്‍ 132 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുകയാണെങ്കില്‍, അദ്ദേഹം അതേ ബൗളറല്ല. ആ വേഗതയില്‍, അദ്ദേഹം തന്റെ മികച്ചതിനേക്കാള്‍ അല്പം താഴെയാണ്.  137-138 കിലോമീറ്റര്‍ വേഗതയില്‍ അദ്ദേഹം മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു.” ചോപ്ര പറഞ്ഞു. 

ആര്‍ച്ചറുടെ ഏറ് നന്നായി കൊണ്ടു, ചൂണ്ടുവിരലില്‍ ചുറ്റിക്കെട്ടുമായി സഞ്ജു; ആറാഴ്ച്ച വിശ്രമം വേണ്ടിവന്നേക്കും

ബുമ്രയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഹര്‍ഷിത് റാണയ്ക്ക് അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചു. പഴയ പന്തില്‍ ഹര്‍ഷിത് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, പവര്‍പ്ലേയില്‍ അദ്ദേഹത്തിന്റെ പ്രകടനം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ”ഹര്‍ഷിതിന്റെ അനുഭവക്കുറവ് പകല്‍ പോലെ വ്യക്തമാണ്. കട്ടക്കിലെ അദ്ദേഹം വൈഡ് ഷോര്‍ട്ട് ബൗളുകള്‍ എറിഞ്ഞു. മൂന്ന് ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന് അദ്ദേഹത്തെ മാറ്റേണ്ടി വന്നു. എന്നാല്‍ പഴയ പന്തുകള്‍ ഉപയോഗിച്ച് അദ്ദേഹം നന്നായി ചെയ്യുന്നു എന്നുള്ളതാണ്.” ചോപ്ര പറഞ്ഞു. ബുമ്ര കൃത്യസമയത്ത് സുഖം പ്രാപിച്ചില്ലെങ്കില്‍, ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പിലെ എല്ലാ ടീമുകളേക്കാളും ഏറ്റവും ദുര്‍ബലമായ ഫാസ്റ്റ് ബൗളിംഗ് നിരയായിരിക്കും ഇന്ത്യയുടേതെന്നും ചോപ്ര കൂട്ടിചേര്‍ത്തു.

By admin