തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തീരങ്ങളിൽ കടൽക്ഷോഭം തടയുന്നതിനായി ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതിയോടനുബന്ധിച്ചു വിഴിഞ്ഞത്ത് ബാർജ് എത്തിച്ചു. കൂറ്റൻ കോൺക്രീറ്റ് ബ്ലോക്കുകൾ വിഴിഞ്ഞത്തു നിന്നു ലോഡു ചെയ്യുന്നതിനായാണ് എം.വി ജൽകമൽ എന്നു പേരുള്ള ബാർജ് എത്തിയത്. പൂന്തുറയിൽ തീര സംരക്ഷണ പദ്ധതിയായ ജിയോ ട്യൂബ് സ്‌ഥാപിക്കുന്നതിന്‍റെ മൂന്നാം ഘട്ടത്തിനായാണ് ബാർജ് എത്തിച്ചത്.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോയൽ വേവ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ നേത്യത്വത്തിൽ മുംബൈയിൽ നിന്നാണ് ബാർജെത്തിച്ചത്. കടലിൽ ബാർജിനു ബാലൻസ് നിലനിർത്തുന്നതിനു ലോഡിങ് പൂർത്തിയാക്കി അടുത്ത ദിവസം പൂന്തുറയിലേക്ക് തിരിക്കും. തീരദേശ വികസന കോർപ്പറേഷൻ മുഖാന്തിരം കിഫ്ബി ഫണ്ടിൽ നടപ്പാക്കുന്ന ജിയോ ട്യൂബ് പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയായി. മൂന്നാം ഘട്ടത്തിന്റെ ജോലികൾ ഇന്ന് തുടങ്ങുന്നതിന്റെ ഭാഗമായാണ് ബാർജ് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം