കോട്ടയം: കൊക്കോ കര്‍ഷകര്‍ക്കിതു നല്ല കാലം. ഒരു കിലോ ഉണക്ക കൊക്കോയുടെ വില 650 രൂപ വരെയായി ഉയര്‍ന്നു. റബറിനു തകര്‍ച്ച നേരിട്ടതോടെ നിരവധി പേരാണു കൊക്കോ കൃഷിയിലേക്കു തിരിഞ്ഞത്.
കഴിഞ്ഞ വര്‍ഷം 200 രൂപയില്‍ നിന്ന് 1000 പിന്നിടുകയും പിന്നീട് അതിവേഗം 300- 400 രൂപയിലേക്കു തിരിച്ചിറങ്ങുകയും ചെയ്ത വിലയാണു വീണ്ടും ഉയരുന്നത്. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ ഉത്പാദനം കുറഞ്ഞിരുന്നു.
കൊക്കോവില മികച്ച നിലയില്‍ നില്‍ക്കുന്നതുകൊണ്ടുതന്നെ കര്‍ഷകര്‍ പുതിയ നടീലിന് ഉത്സാഹിക്കുന്നുണ്ട്. വില കുറവാണെന്ന കാരണത്താല്‍ പലരും കൊക്കോ വെട്ടിമാറ്റി പല കൃഷികളും ചെയ്യാന്‍ തുടങ്ങിയ കാലത്ത് റബര്‍ വെട്ടിമാറ്റി കൊക്കോ നട്ടവര്‍ക്കാണ് ഇപ്പോള്‍ നേട്ടം. നട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മികച്ച വിളവു ലഭിക്കുന്നയിനം ഒട്ടുതൈകളും മാര്‍ക്കറ്റിലുണ്ട്.
പരാഗണം വഴി കായ്കള്‍ ഉണ്ടാകുന്ന ചെടിയാണു കൊക്കോ എന്നതിനാല്‍ വിത്തിനായി കായ്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഉദ്ഭവം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
മാതൃവൃക്ഷം എത്രതന്നെ മുന്തിയ ഇനമാണെങ്കിലും അതില്‍ വന്നുചേരുന്ന പൂമ്പൊടിയുടെ ജനിതകഗുണം തിരിച്ചറിയാന്‍ മാര്‍ഗമില്ല.
അതിനാല്‍ തൈകള്‍ നട്ട് വിളവെടുക്കാറാകുമ്പോള്‍ മാത്രമേ ഇവയ്ക്കു മികച്ച കായ്ഫലം ഉണ്ടാക്കുന്ന ജനിതക മികവ് ഉണ്ടോയെന്ന് അറിയാനാവുകയുള്ളൂ. ഇതു കര്‍ഷകര്‍ക്കു മികച്ചയിനം വിത്തുകളും തൈകളും കണ്ടെത്തുന്നതിന് തിരിച്ചടിയാണ്.
കഴിഞ്ഞ ഒക്‌ടോബര്‍ – നവംബര്‍ മാസങ്ങളില്‍ പെയ്ത മഴ കാരണം കൊക്കോയുടെ ഉല്‍പ്പാദനം കുറയുകയും ചെയ്തിട്ടുണ്ട്. ഇതും ഇപ്പോള്‍ വില വര്‍ധിക്കാന്‍ കാരണമായി.
ഇതോടൊപ്പം അണ്ണാന്റെയും എലിയുടെയും ശല്യമാണു കൊക്കോ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇവയെ തുരത്താന്‍ മാര്‍ഗങ്ങള്‍ തേടുകയാണു കര്‍ഷകര്‍.