കേരളത്തിന് മുന്നില്‍ ജമ്മു കശ്മീരിന്റെ കൂറ്റന്‍ വിജയലക്ഷ്യം! മറുപടി ബാറ്റിംഗില്‍ ശ്രമം സമനിലയ്ക്കോ ജയത്തിനോ?

പൂനെ: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 399 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച് ജമ്മു കശ്മീര്‍. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ജമ്മു തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ജമ്മു ഒരു റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. കേരളം വിജയത്തിന് വേണ്ടി ശ്രമിക്കുമോ അതോ സമനിലയ്ക്ക് വേണ്ടി കളിക്കുമോ എന്ന് കണ്ടറിയണം. സമനില പിടിച്ചാലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് സെമി ഫൈനല്‍ കളിക്കും. ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ സെഞ്ചുറിയാണ് (132) സെഞ്ചുറിയാണ് ജമ്മുവിന് വലിയ ലീഡ് സമ്മാനിച്ചത്. കനയ്യ വധാവന്‍ (64), സഹില്‍ ലോത്ര (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം ഡി നാല് വിക്കറ്റ് വീഴ്ത്തി. ബേസില്‍ എന്‍ പി, ആദിത്യ സര്‍വാതെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ സല്‍മാന്‍ നിസാറിന്റെ (പുറത്താവാതെ 112) സെഞ്ചുറിയാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലായിരുന്നു ജമ്മു. ഇന്ന് വധാവന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. എന്‍ പി ബേസിലിന്റെ പന്തില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് ക്യാച്ച്. ക്യാപ്റ്റനൊപ്പം ചേര്‍ന്ന് 146 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വധാവന്‍ മടങ്ങുന്നത്. വൈകാതെ ദോഗ്ര സെഞ്ചുറി പൂര്‍ത്തിയാക്കി. 232 പന്തുകള്‍ നേരിട്ട താരം 132 റണ്‍സുമായിട്ടാണ്് മടങ്ങിയത്. ഇതില്‍ രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടും. ആദിത്യ സര്‍വാതെയ്ക്കായിരുന്നു വിക്കറ്റ്. ലഞ്ചിന് തൊട്ടുമുമ്പ് നാസിര്‍ മുസാഫറിന്റെ (28) വിക്കറ്റും ജമ്മുവിന് നഷ്ടമായി. പിന്നീട് ലോത്രയും ആബിദ് മുഷ്താഖും (13), യുധ്‌വീര്‍ സിംഗും (27) ചേര്‍ന്ന് ലീഡ് 400ന് അടുത്തെത്തിച്ചു. 

രഹാനെയ്ക്ക് സെഞ്ചുറി! പിന്നാലെ മുംബൈക്ക് തകര്‍ച്ച, രഞ്ജിയില്‍ ഹരിയാനയ്ക്ക് 354 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ഇന്നിംഗ്സില്‍ ജമ്മുവിന് മോശം തുടക്കമാണ് ലഭിച്ചിരുന്നത്. 39 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ശുഭം ഖജൂരിയയെ (2) ആദ്യം നിധീഷ് എം ഡി പുറത്താക്കി. പിന്നാലെ യാവര്‍ ഹസ്സനും (16) നിധീഷിന്റെ പന്തില്‍ പവലിയനില്‍ തിരിച്ചെത്തി. ഇതോടെ രണ്ടിന് 39 എന്ന നിലയിലായി അവര്‍. പിന്നീട് വിവ്രാന്ത് ശര്‍മ (37)  ദോഗ്ര സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. വിവ്രാന്തിനെ പുറത്താക്കി ബേസിന്‍ എന്‍ പി ഒരിക്കല്‍കൂടി കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ദോഗ്ര – കനയ്യ സഖ്യം ക്രീസില്‍ ഉറച്ചതോടെ കാര്യങ്ങള്‍ ജമ്മുവിന്റ നിയന്ത്രണത്തിലായി. 

വലിയ വിജയലക്ഷ്യം മുന്നോട്ടുവച്ചാല്‍ കേരളം മത്സരം സമനിലയിലാക്കാനാണ് ശ്രമിക്കുക. സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളം സെമിയിലെത്തും. ഒന്നാം ഇന്നിംഗ്‌സില്‍ ഏഴിന് 137 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ നിധീഷ് – സല്‍മാന്‍ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ നിധീഷും (30) എന്‍ പി ബേസും (0) പുറത്തായെങ്കിലും ബേസില്‍ തമ്പിയെ (15) കൂട്ടുപിടിച്ച്) സല്‍മാന്‍, കേരളത്തെ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക് നയിക്കുകയായിരുന്നു. ജമ്മുവിന് വേണ്ടി അകിബ് അലി ദര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 228-8 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 280 റണ്‍സിന് പുറത്തായിരുന്നു. വാലറ്റക്കാരുടെ ചെറുത്തു നില്‍പ്പിന്റെ കരുത്തിലാണ് ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ്വീര്‍ സിംഗും ഉമര്‍ നസീറും(14*) ചേര്‍ന്നാണ് രണ്ടാം ദിനം ജമ്മു കശ്മീരിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി നിധീഷ് ആറ് വിക്കറ്റ് നേടിയിരുന്നു.

By admin