തിരുവനന്തപുരം: സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന കെയര്‍ഹോം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി മലപ്പുറം താനൂര്‍ മണ്ഡലത്തിലെ ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലും, പൊന്നാനി താലൂക്കിലെ എടപ്പാള്‍ പഞ്ചായത്തിലും നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലും, പൊന്നാനി താലൂക്കിലെ എടപ്പാള്‍ പഞ്ചായത്തിലും ഒരുക്കുന്നരണ്ട് പദ്ധതികള്‍ക്കും ആവശ്യമായ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. താനൂരില്‍ ഒരേക്കര്‍ സ്ഥലമാണ് ഇപ്പോള്‍ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. പി ഡ്ബ്‌ള്യു ഡി കെട്ടിട വിഭാഗത്തിന്റെ പരിശോധനയും പൂര്‍ത്തിയായി. പൊന്നാനി എടപ്പാള്‍ പഞ്ചായത്തിലെ 102 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക.
ഒന്നാംഘട്ടത്തില്‍ 2093 വീടുകള്‍ പൂര്‍ത്തീകരിച്ച പദ്ധതിയില്‍ രണ്ടാം ഘട്ടത്തില്‍ ഇതുവരെ 58 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. പാലക്കാട് വില്ലേജില്‍ കണ്ണാടി-2 ല്‍ 28 ഗുണഭോക്താക്കള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്ന ഫ്‌ളാറ്റിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് കടന്നു.