ഇടുക്കി: നാടിനെ ആകെ കണ്ണീരിലാഴ്ത്തി സോഫിയ ഇസ്മയിലിന് നാട്ടുകാരുടെ യാത്രാമൊഴി. പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിൻ്റെ മൃതദേഹം സംസ്കരിച്ചു.
ചെന്നാപ്പാറയിലെ പൊതുദർശനത്തിനുശേഷം മൃതദേഹം മുണ്ടക്കയം വരിക്കാനി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം.
സോഫിയയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായതിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ കൈമാറി.
ഉച്ചയ്ക്ക് 12 ഓടുകൂടിയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സോഫിയയുടെ മൃതദേഹം ചെന്നാപ്പാറയിലേക്ക് എത്തിച്ചത്.
ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെച്ചു. തുടർന്ന് മൃതദേഹം മുണ്ടക്കയം വരിക്കാനി ജുമ മസ്ജിദിലേക്ക് കൊണ്ടുപോയി. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം കബറടക്കി.
ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കൊമ്പൻപാറയിൽ വെച്ചു സോഫിയയെ കാട്ടാന ആക്രമിച്ചു കൊന്നത്.
ഇതിന് പിന്നാലെ തന്നെ വന്യമൃഗ ആക്രമണന്തിന് ശാശ്വത പരിഹാരം കാണണം എന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധിച്ചു.
ഇടുക്കി കളക്ടർ എത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന് ഉറപ്പു നൽകിയതോടുകൂടിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രശ്ന പരിഹാരത്തിന് കളക്ടർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.