കഴിഞ്ഞിട്ടില്ല ചൈനയുടെ മറുപണി! 15% അധിക തീരുവ മാത്രമല്ല; വിശ്വാസലംഘനങ്ങളുടെ പേരിൽ ഗൂഗിളിനെതിരെ അന്വേഷണവും
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഡോണൾഡ് ട്രംപിന്‍റെ നികുതി ഭീഷണികൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുകയാണ് ചൈന. അമേരിക്കൻ ഉത്പന്നങ്ങൾക്ക് 15 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച ചൈനയുടെ തിരിച്ചടി തുടരുകയാണ്. അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ ടെക്ക് ഭീമനായ ഗൂഗിളിനും ചൈന പണി വച്ചിരിക്കുകയാണ്. വിശ്വാസലംഘനങ്ങള്‍ ആരോപിച്ച് യു എസ് ടെക് ഭീമനായ ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചു എന്നതാണ് ഇക്കൂട്ടത്തിലെ പുതിയ വാർത്ത. ടങ്സ്റ്റന്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയില്‍ പെടുത്താനും ചൈന തീരുമാനിച്ചു.
നികുതി ചുമത്താതെ ട്രംപ്, കുതിച്ച് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്‌സ് 1,397 പോയിൻ്റ് ഉയർന്നു
അമേരിക്കയിൽനിന്നുള്ള കൽക്കരി ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക തീരുവ ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രൂഡ് ഓയിൽ, കാർഷിക ഉപകരണങ്ങൾ, കാറുകൾ എന്നിവയ്ക്ക് 10% അധിക തീരുവയും ചുമത്തുമെന്ന് ചൈനീസ് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഏകപക്ഷീയമായ നികുതി വർധനക്കെതിരെ ലോകവ്യാപാര സംഘടനയിൽ ചൈന പരാതിയും നൽകി.
അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നിർണായക കൂടിക്കാഴ്ചയിൽ രണ്ടാം ഘട്ട വെടിനിർത്തൽ കാരാറിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തിൽ തകർന്ന ഗാസയിൽ ആർക്കും നിലവിൽ താമസിക്കാൻ കഴിയില്ല. അതിനാൽ ഈജിപ്ത്, ജോർഡൻ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീൻകാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോർദാൻ രാജാവ് വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നിർദേശം.