ഡല്‍ഹി: അറബി ലിപിയില്‍ എഴുതിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളും അരവിന്ദ് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരുടെ എഡിറ്റ് ചെയ്ത ചിത്രങ്ങളും ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതിനെത്തുടര്‍ന്ന് കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ സംഘര്‍ഷം.
മുസ്ലീം മതനേതാക്കള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള മോശം പരാമര്‍ശങ്ങളും പോസ്റ്റില്‍ ഉണ്ടായിരുന്നു. പോസ്റ്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ ഉദയഗിരി പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി
ഇതിന് പിന്നിലുള്ള വ്യക്തിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ജനക്കൂട്ടം പോലീസുമായി വാക്കുതര്‍ക്കം ആരംഭിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി.
സംഘര്‍ഷം രൂക്ഷമായതോടെ ക്രമസമാധാന പാലനത്തിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു. പോലീസ് നേരിയ തോതില്‍ ലാത്തി ചാര്‍ജ് നടത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
മൈസൂരു പോലീസ് പിന്നീട് കല്യാണഗിരിയില്‍ നിന്നുള്ള ഒരാളെ പ്രകോപനപരമായ പോസ്റ്റിന് അറസ്റ്റ് ചെയ്തു. സുരേഷ് എന്ന പ്രതിക്കെതിരെ പോലീസ് സ്വന്തം നിലയിലാണ് കേസെടുത്തത്
ഇയാളുടെ ഫോട്ടോയും എഫ്ഐആറിന്റെ പകര്‍പ്പും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പോലീസ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ടിട്ടുണ്ട്.