കോട്ടയം: പകുതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനില്‍ നിന്നു പണം വാങ്ങിയെന്ന ആരോപണത്തില്‍ കൃത്യത വരുത്തി ഡീന്‍ കുര്യാക്കോസ് എം.പി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കാന്‍ വീട് നിര്‍മിച്ചു നല്‍കാന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന സംഘടന എന്നനിലയിലാണ് ആവശ്യം അറിയിച്ചത്. താനോ തന്‍റെ സ്റ്റാഫോ വ്യക്തിപരമായി ഒരു രൂപ പോലും അനന്തുവില്‍ നിന്നും വാങ്ങിയില്ല. ആക്ഷേപം ഉണ്ടായതു മുതല്‍ എന്താണിവിടെ നടക്കുന്നതെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നെന്നും ഡീന്‍ പറഞ്ഞു.
എന്റെ സ്റ്റാഫ് വഴി എന്തൊക്കെയോ നടന്നുവെന്നും മറ്റു തരത്തിലും പ്രചാരണങ്ങള്‍ ഇന്നു പൊതുഇടത്തില്‍ ഉണ്ട്. ഇക്കാര്യങ്ങളില്‍ കൃത്യത വരുത്തുന്നതിന് എന്റെയും സ്റ്റാഫുകളുടെയും അക്കൗണ്ട് പരിശോധിച്ചിട്ടുണ്ട്. ഞാനോ എന്റെ സ്റ്റാഫോ ഇയാളുമായി മറ്റു തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടില്ല.
ഇയാളുടെ രണ്ടു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇയാള്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ആയി ബദ്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് അന്നു യോഗങ്ങളില്‍ പങ്കെടുത്തത്. ഇതൊന്നും മറച്ചുവെക്കാന്‍ സാധിക്കുന്ന കാര്യമല്ല.
എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ എന്നൊക്കെ പറഞ്ഞു സാധാരണക്കാരെ സഹായിക്കുന്ന പരിപാടിയായതിനാലാണ് ഒരു പാവപ്പെട്ട കുടുംബത്തെ വീടു വെക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചത്. അത് അയാള്‍ സ്വീകരിക്കുകയും ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് അക്കൗണ്ടിലൂടെയും അല്ലാതെയുമായി എഴു ലക്ഷം രൂപ കൊടുക്കുകയും ചെയ്തു.
ഇതു ഞാന്‍ പിന്നീട് മനസിലാക്കിയതാണ്. പക്ഷേ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളുമായി എനിക്കു ബന്ധമില്ല. എന്റെ പേര് ഇതിലേക്കു വലിച്ചിഴയ്ക്കുന്നതു ശരിയായ കാര്യമല്ലെന്നും എം.പി. പഞ്ഞു.
ജനപ്രതിനിധി എന്ന നിലയില്‍ സഹായമഭ്യര്‍ഥിച്ച് എന്റെ അരികിലേക്കു വരുന്ന ഓളെയും നിഷേധിക്കാറില്ല. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളോട് ഇവരെ സഹായിക്കാനായി അഭ്യര്‍ഥിക്കാറുണ്ട്. അത്തതരത്തിലാണ് അനന്തു കൃഷ്ണനോടും ഈ കുടുംബത്തെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചതെന്നും ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു.