Malayalam Poem: എന്തിനാണ് കവിത, രാജന്‍ സി എച്ച് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
എന്തിനാണ് കവിത?
എന്നിട്ടും കവിത
ഗാസയിലോ പലസ്തീനിലോ പോയില്ല.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍
അടിപ്പെട്ട മനുഷ്യരുടെ
നിലവിളിക്കാനാവാത്ത
മൃതാവശിഷ്ടങ്ങള്‍ കണ്ടില്ല.
അമ്മമാരുടെ മുറിഞ്ഞു ചോരയിറ്റുന്ന
നിലവിളികള്‍ കേട്ടില്ല.
പട്ടംപോലെ പറക്കും
കുഞ്ഞുങ്ങളുടെ ആത്മാവുകളാണ്
ആകാശത്തലയുന്നതെന്ന്
വെടിത്തുളയേറ്റ കണ്ണുകളിലെ
ഇരുട്ടാണ് ലോകമെന്ന്
വാരിയെടുക്കാനായി നീട്ടിയ
കുട്ടികളുടെ മുറിഞ്ഞില്ലാതായ
കൈകളിലാണ് കാലമെന്ന്
ചോരയാണ് പെയ്യുന്നതെന്ന്
നിലാവും തീയാണെന്ന്
കണ്ടതേയില്ല കവിത.
അപ്പോഴൊക്കെയും കവിത
നീട്ടിപ്പിടിച്ച തോക്കിന്റെ കണ്ണുകളായി.
ചോരയിറ്റും കത്തിമുനയായി.
പൊട്ടിത്തെറിക്കാനോടും
മിസൈലുകളായി.
അന്ധനായ ദൈവത്തിന്റെ
ഊന്നുവടിയായി.
ഗതിയറ്റ് കവിതയല്ലാതായി.
എന്തിനാണ്
കവിത?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…