കൊല്ലം: വസ്തു അളക്കുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. കൊല്ലം താലൂക്ക് സര്‍വ്വേയറായ അനില്‍ കുമാറാണ് 3000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായത്.
അഞ്ചല്‍ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ് ഭൂമി അളന്നു തിരിക്കാന്‍ സര്‍വ്വേയര്‍ 3000 രൂപ ആവശ്യപ്പെട്ടത് പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു.
കൊല്ലം അഞ്ചല്‍ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ്‌റ് വസ്തു അളന്ന് തിരിക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം കൊല്ലം താലൂക്ക് ഓഫീസിലാണ് പരാതിക്കാരന്‍ ഇതിനായി അപേക്ഷ നല്‍കിയത്.
വസ്തു അളക്കുന്നതിന് താലൂക്ക് സര്‍വ്വേയറായ അനില്‍ കുമാറിനെ പല പ്രാവശ്യം നേരില്‍ കണ്ടിരുന്നെങ്കിലും ഇദ്ദേഹം കാണാന്‍ കൂട്ടാക്കിയിരുന്നില്ല.
ജനുവരി 15ന് പരാതിക്കാരന്‍ താലൂക്ക് സര്‍വ്വേയറെ നേരില്‍ കണ്ടപ്പോള്‍ 3,000/ രൂപ കൈക്കൂലി നല്‍കിയാല്‍ വസ്തു അളക്കാന്‍ വരാമെന്ന് പറയുകയായിരുന്നു എന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ തിങ്കളാഴ്ച രാവിലെ 11:30 മണിയോടെ സര്‍വെയര്‍ വസ്തു അളക്കാനെത്തി. അവിടെവച്ചുതന്നെ പരാതിക്കാനില്‍ നിന്നും 3,000/ രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു.
ഇതോടെ സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം ഇദ്ദേഹത്തെ കൈയ്യോടെ പിടികൂടുകയായിരുന്നു.