ബിജെപിക്കിടയിൽ തർക്കം; പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല,മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറി
ദില്ലി: ബീരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ സമവായം എത്താനായില്ലെങ്കിൽ പാർലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. അതേസമയം എംഎൽഎമാരെ കേന്ദ്രനേതൃത്വം ദില്ലിക്ക് വിളിപ്പിക്കുമെന്നാണ് വിവരം. ബീരേന്റെ രാജി കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു
വേറെ വഴിയില്ലാതെ മുഖ്യമന്ത്രി സ്ഥാനം ബീരേൻ സിങ്ങ് രാജിവെച്ചെങ്കിലും ഇനി എന്ത് എന്നതിൽ ബിജെപി ആശയകുഴപ്പത്തിലാണ്. ഇന്നലെ ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയ സംബന്ധിച്ച് സമവായമായില്ല. വീണ്ടും പാർട്ടി എംഎൽഎമാരുടെ യോഗം ചേരുമെന്നാണ് വിവരം. ബിരേന്റെ പിൻഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് എംഎൽഎമാർക്കിടയിലുണ്ട്. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്. ടി ബിശ്വവ് ജിത്ത് സിങ്ങാണ് ബീരേൻ ക്യാമ്പിലെ പ്രധാനി. എന്നാൽ പാർട്ടി സംസ്ഥാന അധ്യക്ഷ ശാരദ ദേവിയുടെ നിലപാടും അടുത്ത മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിർണ്ണായകമാണ്. സഖ്യകക്ഷികളുടെയും പാർട്ടിയിലെ 10 കുക്കി എംഎൽഎമാരുടെയും പിന്തുണയും ഉറപ്പാക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി എംപി സംബിത് പാത്ര ചർച്ചകൾക്കായി മണിപ്പൂരിൽ തുടരുകയാണ്. സമവായം അകലെയാണെങ്കിൽ മൂന്ന് മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും. ഇതിനുള്ളിൽ കുക്കി സംഘടനകളുമായി ധാരണയിൽ എത്താനാണ് കേന്ദ്രശ്രമം. എന്നാൽ ബീരേന്റെ രാജിക്കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും പ്രത്യേക ഭരണകൂടം എന്നാവശ്യത്തിൽ ഉറച്ചു നിൽക്കുയാണെന്നും കുക്കി സംഘടനകൾ അറിയിച്ചു.
മണിപ്പൂർ കത്തുമ്പോഴും ബീരേൻസിംഗിനെ പിന്തുണച്ച ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് അട്ടിമറി ഒഴിവാക്കാനുള്ള നീക്കത്തിലാണ്. ബീരേൻസിംഗിനെ പിന്തുണയ്ക്കുന്ന തീവ്ര മെയ്തെയ് വിഭാഗവും അക്രമം അഴിച്ചുവിടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇംഫാലിൽ കേന്ദ്ര സേനയുടെ സാന്നിധ്യം കൂട്ടിയാണ് സ്ഥിതി നേരിടാനുള്ള വഴികൾ കേന്ദ്രം തേടുന്നത്.
കയ്യിലെ ലോഹവള ഊരി ചുമട്ടുതൊഴിലാളിക്ക് നേരെ ആക്രമണം; സംഭവം ലഹരി സംഘത്തെ താക്കീത് ചെയ്തതിന് പിന്നാലെ