കുറച്ച് കഴിഞ്ഞപ്പോള്‍ ബെല്ലടിച്ചു, ഞങ്ങളുടെ വരാന്തയിലതാ ഒരു സ്ത്രീ!

കുറച്ച് കഴിഞ്ഞപ്പോള്‍ ബെല്ലടിച്ചു, ഞങ്ങളുടെ വരാന്തയിലതാ ഒരു സ്ത്രീ!

വീടിന്റെ അടുത്ത് തന്നെ ബസ് സ്റ്റോപ്പുണ്ട്. അവിടേക്ക് നടക്കുന്നതിനിടയില്‍ അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. 

ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ പെട്ടെന്ന് പരിശുദ്ധാത്മാവ് കയറിയത് പോലെ അമ്മ വീട്ടിലേക്ക് തിരിഞ്ഞ് നടന്നു.

ശ്ശെടാ, ഇതെന്ത് തേങ്ങ!

ബസ്സാണെങ്കില്‍ വരുന്ന സമയവും ആയി. 

 

കുറച്ച് കഴിഞ്ഞപ്പോള്‍ ബെല്ലടിച്ചു, ഞങ്ങളുടെ വരാന്തയിലതാ ഒരു സ്ത്രീ!

 

‘ഒരു അവിഹിതക്കഥ സൊല്ലട്ടുമാ…!’

ഹേയ്, എന്റെയല്ല, എന്റെയാണേല് ഒന്നില് നില്‍ക്കില്ലല്ലോ. ഇത് എന്റെ അപ്പച്ചന്റെ കഥയാണ്!  എന്നെ ജനിപ്പിച്ച, എന്റെ നല്ല സ്വഭാവത്തിന് മുഴുവനും ഉത്തരവാദിയായ എന്റെ അപ്പച്ചന്റെ കഥ!

‘ആന്ന്, മ്മടെ ടോണ്യേട്ടന്റെ കഥന്നേന്ന്’

എന്റെ കഥകള്‍ വായിക്കാറുള്ളവര്‍ക്ക് എന്റെ അപ്പച്ചനേയും അറിയാമല്ലോ. അത്ര നല്ല, സോറി, ഒട്ടും നല്ല സ്വഭാവം ആയിരുന്നില്ല എന്റെ അപ്പച്ചന്റെത്! 
 
ദിതാണ് ദാ കഥ. 

അപ്പച്ചനും അപ്പച്ചന്റെ കൂട്ടുകാരും മേഞ്ഞ് നടന്നിരുന്ന ഒല്ലൂര്‍. അടിക്കടി, വെട്ടിന് വെട്ട്, കുടിക്ക് കുടി, ചീട്ട് കളി ഈ വക നല്ല സ്വഭാവങ്ങളൊക്കെ ഉണ്ടായിരുന്ന ഒരു തങ്കപ്പനായിരുന്നു എന്റപ്പച്ചന്‍.

ഇനി നിങ്ങള്‍ ശ്രദ്ധിച്ച് വായിക്കേണ്ട ഒരു കാര്യം, ഈ പറഞ്ഞ സല്‍സ്വഭാവ ഗുണങ്ങളില്‍ ‘പെണ്ണ്പിടി’ ഇല്ല എന്ന വസ്തുതയാണ്. കാരണം, എന്റപ്പച്ചനെ പറ്റി അങ്ങനെയൊന്നും ഞാന്‍ കേട്ടിരുന്നില്ല.
 
സ്വാഭാവികം അല്ലേ? തന്തമാരുടെ ആ വക പരാക്രമങ്ങള്‍ മക്കളറിഞ്ഞാല്‍ മോശമല്ലേ.

അതു കൊണ്ടാവണം ഞാനും അതൊന്നുമറിഞ്ഞില്ല. 

എന്തൊക്കെ പറഞ്ഞാലും എന്റപ്പച്ചന്‍ എനിക്ക് ഹീറോയാണ്. 

ഒരു ദിവസം ഞാനും അമ്മയും തൃശ്ശൂര് പോകുവാന്‍ പരിപാടി ഇട്ടു. അമ്മ വീട്ടിലേക്കാണ് പോക്ക്. പിറ്റേന്ന് രാവിലെ പോയിട്ട് വൈകുന്നേരം തിരിച്ച് വരണം. അതാണ് ഡിമാന്റ്. അല്ലെങ്കില്‍ അപ്പച്ചന്റെ മറ്റേ മോന്ത കാണേണ്ടി വരും. 

പറഞ്ഞ സമയത്തിന് വീടിനുള്ളില്‍ കാല് കുത്തിയിരിക്കണം. അതും കേട്ട് പറഞ്ഞതിനും പത്ത് മിനിറ്റ് മുന്നേ കാല് കുത്തുന്ന ഒരു അമ്മയും. 

പേടിച്ചിട്ടാ, അല്ലാതെ ധൈര്യമില്ലാഞ്ഞിട്ടൊന്നുമല്ല.

സംഭാഷണത്തിലേക്ക് കടക്കാം.

അമ്മ: അതേയ് നാളെ ഒന്ന് വീട്ടിലേക്ക് പോകുന്നുണ്ട്.

അപ്പച്ചന്‍: ഉം, പൊക്കോ.

അമ്മ കണ്‍ഫ്യൂസ്ഡ്.

സാധാരണ ഒരു ചോദ്യോത്തര പംക്തിക്ക് ശേഷമാണ് അപ്പച്ചന്‍ ‘ഉം’ വെക്കുന്നത്.

അമ്മ: ആറ് മണിക്ക് മുന്നേ തിരിച്ച് വരാം. 

അപ്പച്ചന്‍: നാളെ ശനി അല്ലേ, വേണേല് രാത്രി അവിടെ നിന്നോ. ഞായറാഴ്ച പോന്നാ മതി.

ഹയ്, അമ്മ എഗെയ്ന്‍ കണ്‍ഫ്യൂസ്ഡ്.

ശ്ശെടാ, എന്താപ്പോ ഇത്, ഇങ്ങേര്‍ക്ക് പ്രാന്തായോ.

അപ്പോഴേക്കും അപ്പച്ചന്‍ ഭക്ഷണവും കഴിച്ച് എഴുന്നേറ്റ് പോകുകയും ചെയ്തു.

ഈ സംസാരം എല്ലാം ഒളിഞ്ഞ് കേട്ട ഞാന്‍ അമ്മയെ വിളിച്ചു: 

‘ശൂ ശൂ’ 

ശബ്ദം കേട്ട് അമ്മ തിരിഞ്ഞ് നോക്കി.

‘എന്താടീ’

‘ശ്ശ്…ഇങ്ങട് വന്നേ.’ – ഞാന്‍ ശബ്ദമില്ലാതെ ആംഗ്യം കാണിച്ചു.

അല്ലേലും പറഞ്ഞാലനുസരണ ഇല്ലാത്ത വര്‍ഗ്ഗം ആണല്ലോ ഈ അമ്മമാര്‍. സോ ഞാന്‍ അങ്ങോട്ട് ചെന്നു.

റോബോട്ടമ്മച്ചി കാര്യമായിട്ടുള്ള ഓവര്‍തിങ്കിങ്ങിലാണ്.

ഞാന്‍: അമ്മക്കിതെന്തിന്റെ കേടാ?

അമ്മ: നിനക്കെന്താപ്പോ പ്രശ്‌നം?

ഞാന്‍: അപ്പച്ചന്‍ പൊക്കോന്ന് പറഞ്ഞിട്ടും അമ്മ പിന്നേമെന്തിനാ ഇങ്ങനെ നിക്കണേ? ബാ, അങ്ങേര്‌ടെ മനസ്സ് മാറണേന് മുന്നേ നമുക്ക് പോകാം.

അമ്മ: അങ്ങനല്ലെടീ. സാധാരണ വീട്ടീ പോട്ടേന്ന് ചോദിക്കുമ്പോ കണകുണ പറയണ മനുഷ്യനാ. 

ഞാന്‍: അപ്പച്ചനൊന്ന് നന്നായാലും പ്രശ്‌നാണോ?

അമ്മ : ഇത് നന്നാവലൊന്നും അല്ല മോളേ.

ഞാന്‍ : പിന്നെ…

അമ്മ : A യാ. നീ അറിയണ്ട. 

ഞാന്‍ : ങ്‌ഹേ? എന്നാലെന്തായാലും എനിക്കറിയണം.

അമ്മ : നീ പോയേ. ഞാനൊന്നാലോചിക്കട്ടെ.

ഞാന്‍ അടുക്കളയില്‍ നിന്നും എന്റെ മുറിയിലേക്ക് പോയി. 

എന്നാലും എന്തായിരിക്കും അപ്പച്ചന്റെ ആ ‘A’ എന്നോര്‍ത്തിട്ട് എനിക്കൊരു പിടിയും കിട്ടിയില്ല.

ഓരോന്ന് ഓര്‍ത്ത് ഓര്‍ത്ത് ഞാന്‍ കാട് കയറി. 

ശ്ശെ ഇങ്ങനൊക്കെ സ്വന്തം അപ്പനെ പറ്റി ചിന്തിക്കാമോ..!

സോറി അപ്പച്ചാ സോറി.

യെന്നാലും…അപ്പച്ചന് അമ്മയില്ലാതെ എന്ത് A?

എല്ലാ മക്കളും ചിന്തിക്കുന്നത് പോലെ തന്നെ ഞാനും ചിന്തിച്ചു. 

ഹേയ്! ഒരിക്കലും അപ്പച്ചന് അമ്മയെ ചതിക്കാന്‍ പറ്റില്ല. അവര് തമ്മില് കട്ട ഒടക്കാണെങ്കിലും ഇങ്ങനെയൊന്നും എന്റപ്പച്ചന്‍ ചെയ്യില്ല. 

പിറ്റേ ദിവസം…

എനിക്ക് ആകെ ഒരു വല്ലായ്മ പോലെ. ഇന്ന് പോകാനുള്ള ലക്ഷണം ഒന്നും കാണുന്നില്ല. ഞാനാണെങ്കില്‍ ആഗ്രഹിച്ചും പോയി.

ഞാന്‍ പതുക്കെ അമ്മയുടെ അടുത്ത് പോയി. പ്രാന്തിളകി നില്‍ക്കുന്ന അമ്മയാണെന്ന് ഞാനറിഞ്ഞില്ല.

‘അമ്മേ, നമുക്ക് പോണ്ടേ?’ – ഞാന്‍ ചോദിച്ചു.

‘ഏത് തേങ്ങേടെ മൂട്ടിലേക്കാടീ നിനക്ക് പോണ്ടേ?’- അമ്മ ചീറി.

‘അമ്മക്കെന്താ പ്രാന്തായാ?’- നിഷ്‌കളങ്കതയോടെ ഞാന്‍ ചോദിച്ചു.

കാര്യം നടക്കാന്‍ ഞാന്‍ കുറച്ച് നിഷ്‌കളങ്കതയൊക്കെ കൈയില്‍ നിന്നും ഇടാറുണ്ട് വിത്ത് എക്‌സ്‌പ്രെഷന്‍!

‘നിന്റെ തന്തക്കാടീ പ്രാന്ത്.’- അമ്മ ചീറ്റിക്കൊണ്ടേയിരുന്നു.

ശ്ശെടാ, ഇതെന്ത് കൂത്ത്! 

പെട്ടെന്ന് അപ്പച്ചന്റെ ശബ്ദം ഒരു തലോടല്‍ പോലെ ഒഴുകി വന്നു.

‘ജോളീ..’

എന്റെ നേരെ ചീറ്റിക്കൊണ്ട് നിന്നിരുന്ന അമ്മ പെട്ടെന്ന് ശാന്തത കൈ വരിച്ചു. 

സ്വാഭാവികം! 

എന്റെ അമ്മ കലിപ്പന്റെ കാന്താരി ആയിരുന്നു, എരിവൊന്നുമില്ലാത്ത വെറും ഒരു കാന്താരി.

വെള്ളം ഒഴിച്ചാലും, വെള്ളം ഒഴിച്ചില്ലെങ്കിലും തനിയെ നിന്ന് വളരുന്ന ഒരു കാന്താരി.

അമ്മക്ക് ഇഷ്ടമുണ്ടായിട്ട് കാന്താരി ആയതൊന്നുമല്ല. നോക്കിയും കണ്ടും നിന്നില്ലെങ്കില്‍ കലിപ്പനെ പിന്നെ പിടിച്ചാല്‍ കിട്ടില്ല.

‘എന്നെ വിളിച്ചോ?’ – അമ്മ അപ്പച്ചനോട് തികച്ചും ശാന്തയായി ചോദിച്ചു.

‘നീയും ടുലൂം എപ്പഴാ പോണേ?’ – അപ്പച്ചന്‍ പുകയൂതി കളിച്ച് ചോദിച്ചു. 

‘അതേയ്, ടുലൂന് പഠിക്കാനുണ്ടെന്ന്. അവള്‍ക്ക് പോണ്ടാന്നാ പറയണേ.’ – അമ്മ നൈസ് ആയിട്ട് എന്റെ തലയിലേക്കിട്ട കല്ലെടുത്ത് തിരിച്ചൊരേറ് കൊടുക്കാനാണ് എനിക്ക് തോന്നിയത്. 

പക്ഷേ, തന്തേം തള്ളേമായി പോയില്ലേ. ഇവരെ കൊണ്ട് വേണമല്ലോ ഞാന്‍ ജീവിക്കാന്‍ എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ പല്ല് കടിച്ച് ഞെരിച്ചു.

അപ്പോള്‍ അപ്പച്ചന്‍ പറഞ്ഞ മറുപടി കേട്ട് ഞാനും ഞെട്ടി, അമ്മയും ഞെട്ടി.

‘അതിപ്പോ അവളോട് പുസ്തകോമെടുത്ത് തൃശ്ശൂര് പോയി പഠിച്ചോളാന്‍ പറ. നിങ്ങളിന്നന്നെ പൊക്കോ.’

അമ്മ പിന്നേയും പിറുപിറുത്ത് നടക്കുവാന്‍ തുടങ്ങി.

‘എന്തിനാ എന്റമ്മേ പാവം എന്റപ്പച്ചനെ ഇങ്ങനെ സംശയിക്കണേ? അമ്മ വാ. നമുക്ക് വേഗം പോവാം.’

വീണ്ടും എക്‌സ്‌പ്രെഷനൊക്കെ ഇട്ട് ഞാന്‍ പൊലിപ്പിച്ചു. അത് കേട്ട് ഒരു കൂര്‍ത്ത നോട്ടം എന്റെ നേരെ വരുന്നത് ഞാന്‍ മൈന്‍ഡ് ചെയ്തില്ല.’

മാര്‍ഗ്ഗമല്ല, ലക്ഷ്യമാണല്ലോ പ്രധാനം.

എനിക്കിന്ന് തൃശ്ശൂര് പോയേ പറ്റൂ.

അങ്ങനെ അപ്പച്ചനെ പേടിച്ച് അമ്മ റെഡി ആയി. മോന്ത സ്റ്റില്‍ വീര്‍ത്ത് തന്നെ ഇരിക്കുന്നുണ്ട്. ഞാനത് അത്ര കാര്യമാക്കിയില്ല. 

അപ്പച്ചന്‍ ഇതിനിടയിലെപ്പോഴോ പുറത്തേക്ക് പോകുകയും ചെയ്തു. അത് പോവ്വ്വേ വര്വേ എന്തെങ്കിലും ചെയ്യട്ടെ. എനിക്ക് തൃശ്ശൂര് വീട്ടിലെത്തണം എങ്ങനെയെങ്കിലും. 

വീടിന്റെ അടുത്ത് തന്നെ ബസ് സ്റ്റോപ്പുണ്ട്. അവിടേക്ക് നടക്കുന്നതിനിടയില്‍ അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. 

ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ പെട്ടെന്ന് പരിശുദ്ധാത്മാവ് കയറിയത് പോലെ അമ്മ വീട്ടിലേക്ക് തിരിഞ്ഞ് നടന്നു.

ശ്ശെടാ, ഇതെന്ത് തേങ്ങ!

ബസ്സാണെങ്കില്‍ വരുന്ന സമയവും ആയി. 

‘അമ്മേ, നിക്കമ്മേ. എവടേക്കാ പോണേ?’ – ഞാന്‍ പുറകേ പോയി. 

എനിക്ക് വേറെ ഓപ്ഷന്‍ ഇല്ലല്ലോ. പാവം കുട്ടി അല്ലാരുന്നോ. മാതാപിതാക്കള്‍ പറയുന്നത് അനുസരിച്ച് ജീവിക്കുക എന്നത് മാത്രം ആയിരുന്നല്ലോ നമ്മുടെ ലക്ഷ്യം.

സോ ഞാന്‍ തലയും താഴ്ത്തി നടന്നു.

ഒലക്കേടെ മൂട്!

അമ്മ വീണ്ടും വീട്ടിലേക്ക് കയറി. 

‘എന്താമ്മേ, വല്ലോം മറന്നോ?’ 

ഒരു മൈന്‍ഡുമില്ല. പരിശുദ്ധാത്മാവ് കയറിയിരിക്കുവല്ലേ. ഇനിയിപ്പോള്‍ വായ തുറന്നാല്‍ തന്നെ മറുഭാഷയേ വരൂ.

കുറച്ച് കഴിഞ്ഞപ്പോള്‍ ബെല്ലടിച്ചു. 
അല്ലെങ്കില്‍ ഒരിക്കലും നേരേ ചൊവ്വേ അടിക്കാത്ത മണിയാ. കറക്ട് ടൈമില് മണിയും പണി.

ഞാന്‍ നേരെ ചെന്ന് വാതില്‍ തുറന്നു. 

അപ്പോഴേക്കും പരിശുദ്ധാത്മാവ് ഓടി എന്നെ തള്ളിമാറ്റി, വരാന്തയിലേക്ക് എത്തി.

അതാ വരാന്തയില്‍ ഒരു സ്ത്രീ!

അമ്മ: ഉം, ആരാ, എന്ത് വേണം, എന്തിനാ ഇങ്ങോട്ട് വന്നേ, ആരെ കാണാനാ വന്നേ, ആര് പറഞ്ഞിട്ടാ വന്നേ?

ഞാന്‍: അമ്മേ, നിര്‍ത്തി നിര്‍ത്തി ചോദിക്കൂ. എങ്കിലല്ലേ…..

അമ്മ: നിര്‍ത്തിക്കൊണ്ടന്നല്ലേ ചോദിക്കണേ. നീ മിണ്ടാതിരിക്കവിടെ.

കര്‍ത്താവേ, ഇന്ന് ഈ അമ്മ ആ പെണ്ണിനെ ശരിയാക്കും.

അന്യസ്ത്രീ: സാറില്ലേ?

അമ്മ: സാറില്ല. ആരാന്ന്

അന്യസ്ത്രീ: സാറെന്നോട് വരാന്‍ പറഞ്ഞിരുന്നു.

അമ്മ: ഓഹോ! എന്തിന്

ഞാനും മനസ്സില്‍ ഒരു ഓഹോ വെച്ചു.

അന്യസ്ത്രീ: പണിയുണ്ടെന്ന് പറഞ്ഞു.

അമ്മ: എന്തൂട്ട് പണി!

അന്യസ്ത്രീ: അതെനിക്കറിയില്ല്യേച്ച്യേ.

അശ്ശോടാ, പാവം ചേച്ചി. ഞാന്‍ മനസ്സില്‍ കഷ്ടം വെച്ചു. അമ്മ എന്നെ നോക്കി.

ശ്ശെടാ അതിന് ഞാനെന്ത് പെഴച്ചു!

നോട്ടം കണ്ടാ തോന്നും ഞാന്‍ പറഞ്ഞിട്ടാ ആ ചേച്ചി വന്നത് എന്നാണ്. 

അമ്മ: ഇവിടെ പണീമില്ല ഒരു കിണീമില്ല.

അന്യസ്ത്രീ: പിന്നെന്തിനാ സാറ് വരാമ്പറഞ്ഞ്?

വാവ് എരിതീയിലെണ്ണ, മണ്ണെണ്ണ, പെട്രോള് ആഹ!

പരിശുദ്ധാത്മാവ് കയറിയ അമ്മ പെട്ടെന്ന് തുള്ളിക്കൊണ്ട് മറുഭാഷ പറയാന്‍ തുടങ്ങി. 

‘@#$%^&????’

ഹയ് ഹയ്! ഹീബ്രു ആണെന്നാ എന്റെ ഒരോര്‍മ്മ. ഞാന്‍ ചെവി പൊത്തി.

അന്യസ്ത്രീ ജീവനും കൊണ്ടോടി.

അമ്മ മൂക്ക് ചീറ്റിക്കൊണ്ട് എന്നെ പിടിച്ച് ഒറ്റത്തള്ള്.

അല്ലേലും മക്കള്‍ ഇരകള്‍ ആണല്ലോ ഇങ്ങനെയുള്ള അവസരങ്ങളില്‍.

അതും ഈ പാവം ഞാനങ്ങ് ക്ഷമിച്ചു. 

കാന്താരി പിന്നെ കാന്തനേയും കാത്തിരിപ്പായി. 

പെട്ടെന്ന് ഞാനാ ശബ്ദം കേട്ടു. അപ്പച്ചന്റെ രാജ്ദൂതിന്റെ.

കുടുകുടുകുടു…

വരണുണ്ട് വരണുണ്ട് മണിമാരന്‍!

ആ സമയത്ത് വരേണ്ട ഒരു കാര്യവുമില്ല അപ്പച്ചന്. രാവിലെ പോയാല്‍ ഉച്ചക്ക് ഊണ് കഴിക്കാന്‍ വരുന്ന മനുഷ്യനായിരുന്നു. വല്ല കാര്യോമൊണ്ടോ?

എന്തോ എവിടെയോ ഒരു പിശകില്ലേ?

ഇനി അപ്പച്ചന്റെ A സത്യമായിരിക്കുമോ?

ഇന്നിവിടെ കൊലപാതകം നടക്കും.

കാന്താരി സൈലന്റ്! 

ഞാനും കിച്ചുവും സൈലന്റ്!

കുളിസീന്‍ കാണാന്‍ നില്‍ക്കുന്നവരെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ജനാലയുടെ വിടവിലൂടെ അപ്പച്ചനെ നോക്കി. 

മുഖത്ത് വല്ല കള്ളത്തരവും?

പക്ഷേ, അപ്പച്ചന്റെ ആ സ്ഥായീഭാവത്തോടെ (മൂലക്കുരു വന്ന സിങ്കം) ആള്‍ ബൈക്ക് നിര്‍ത്തി സിറ്റൗട്ടിലേക്ക് കയറി.

പഠിച്ച കള്ളനായിരിക്കുമോ ഇനി?

ഇനി എന്റെ എന്‍ട്രി…

അപ്പച്ചന്‍ വാതില്‍ തുറക്കുമ്പോഴേക്കും ഞാന്‍ അകത്ത് നിന്ന് തുറന്നു. ആരായാലും ഒന്ന് ഞെട്ടേണ്ടതാണ്. പക്ഷേ, അപ്പച്ചന്‍ ഞെട്ടിയില്ല. 

ശ്ശോ പാവം എന്റമ്മ!

ഇന്നിവനെ ഞാന്‍… എന്റെ ചോര തിളക്കാന്‍ തുടങ്ങി. 

‘ആ നീ പോയില്ലേ?’ – അപ്പച്ചന്‍ എന്നെ കണ്ട് ചോദിച്ചു. 

എന്താ, പോകാത്തോണ്ട് വെഷമംണ്ടോ എന്ന് ചോദിക്കാന്‍ വായ തുറന്നു. 

‘ഇല്ല, പോയില്ല അപ്പച്ചാ. അമ്മക്ക് എന്തോ സുഖമില്ലാത്ത പോലെ.’

എന്തോ, നല്ല ബഹുമാനമാണ് എനിക്ക് അപ്പച്ചനോട്.

‘ഉം’ അപ്പച്ചന്‍ മൂളി അകത്തേക്ക് കയറി. 

ചെല്ല്, ചെല്ല് ഇപ്പോ കിട്ടും!

ഞാന്‍ എന്റെ മുറിയില്‍ പോയി വാതിലടച്ചിരുന്നു, ചെവി ചുമരിലും ഫിറ്റ് ചെയ്തു. വല്ല കൊലപാതകവും നടക്കുവാണെങ്കില്‍ ഓടി രക്ഷപ്പെടണമല്ലോ.

പോലീസ്, കോടതിയൊക്കെ എനിക്ക് പേടിയാണല്ലോ. അല്ലാതെ മാതാപിതാ സ്‌നേഹം ഒന്നും ഇല്ലാഞ്ഞിട്ടല്ല.

സമയം ഇങ്ങനെ പോയി കൊണ്ടിരുന്നു. ഒരു അനക്കവും കേള്‍ക്കുന്നില്ല. എനിക്ക് മുറിയിലിരുന്നിട്ട് ഇരിക്കപ്പൊറുതിയും കിട്ടുന്നില്ല. 

ഞാന്‍ പതുക്കെ അടുക്കളയിലേക്ക് നടന്നു. 

അപ്പോള്‍ ഞാനവിടെ കണ്ട കാഴ്ച…

രണ്ട് പേരും കൂടെ ബീഫ് കട്‌ലറ്റ് ഉണ്ടാക്കുന്നു!

യെന്നാലും ഇതെങ്ങെനെ..?

കട്‌ലറ്റ് ഉണ്ടാക്കുന്നത് പോട്ടെ, അമ്മ ചിരിക്കുന്നു. അപ്പച്ചന്‍ ചിരിക്കുന്നു. 

ഇതൊക്കെ ആ വീട്ടിലെ റെയര്‍ സീനുകളാണ്. അത്‌കൊണ്ട് തന്നെ ഞാന്‍ അന്തം വിട്ട് നിന്നു.

‘ശ്ശൂ..’ ഞാന്‍ അമ്മയെ വിളിച്ചു.

അമ്മ എന്നെ നോക്കി പിന്നേയും ചിരിച്ചു. 

‘ആഹ് നീ എണീറ്റോ? ഇപ്പോ തരാം കട്‌ലറ്റ്. അവിടെയിരിക്ക്.’

ങ്‌ഹേ! അപ്പോ ഇത്രേം നേരം ഞാന്‍ കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ?

ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലേ…?

‘എടീ, നമുക്ക് ഇന്ന് വൈകുന്നേരം പോവാം തൃശ്ശൂര്‍ക്ക്.’ – അമ്മ പറഞ്ഞത് കേട്ടപ്പോള്‍ മനസ്സിലായി ഞാന്‍ കണ്ടത് സ്വപ്നം ഒന്നും അല്ലാന്ന്.

ഇവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.

‘അമ്മേ..ഇങ്ങട് വന്നേ??’ – എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

‘ദേ, നിങ്ങളതൊന്ന് മറിച്ചിട്ടേ. ഞാനിപ്പോ വരാം.’ 

അമ്മ അപ്പച്ചനോട് പറഞ്ഞത് കേട്ട് ഞാന്‍ കണ്ണുരുട്ടി.

അമ്മ: എന്താ ടുല്വോ, നീയെന്താ വിളിച്ചേ? 

ഞാന്‍: എന്താ വിളിച്ചേന്നോ? ഇവിടെന്താപ്പോണ്ടായേ?

അമ്മ: എടീ, നീ വിഷമിക്കണ്ട. നമ്മുടപ്പച്ചന്‍ നീ വിചാരിച്ച പോലെ അത്ര മോശം ഒന്നുമല്ലെടീ.

ങ്‌ഹേ..എന്താന്ന്..ആര് വിചാരിച്ച പോലേന്നാ?. 

അത് പിന്നെ ചോദിക്കാം. ഇപ്പോള്‍ കാര്യം പറയട്ടെ.

ഞാന്‍: തെളിച്ച് പറ, ആ വന്നത് ആരാ, എന്തിനാ അപ്പച്ചന്‍ ആ ചേച്ചിയോട് വരാന്‍ പറഞ്ഞത്?

അമ്മ ചിരിച്ചു. 

‘എന്റെ പൊന്ന് മോളേ, അതല്ലേ തമാശ!’ – ഇത് സ്വയം പറഞ്ഞ് തന്നത്താനെ നിന്ന് ചിരിക്കുന്നു അമ്മ.

‘ഇതിലെവട്യാ തമാശ?’ – ഞാന്‍ ചോദിച്ചത് കേട്ട് അമ്മ പിന്നേയും ചിരിച്ചു.

‘എടീ അതേയ്, ഞാന്‍ കുറച്ച് ദിവസായി അപ്പച്ചനോട് പറയുന്നു, ഇവിടെ പണിക്ക് ഒന്നരാടം വെച്ച് വന്ന് പോകുന്ന ഒരു പെണ്ണിനെ വേണംന്ന്. ആ പെണ്ണാണ് നേരത്തേ വന്നത്. പാവം, ഞാനതിനെ വെറുതേ ഓടിപ്പിച്ച് വിട്ടു.’- അമ്മ താടിക്ക് കൈ കൊടുത്ത് കഷ്ടം വെച്ച് നിന്നു.

ഹേ സ്ത്രീയേ, താങ്കള്‍ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന് വിളിച്ച് കൂവാന്‍ എനിക്ക് തോന്നി.?

പക്ഷേ, ഞാനൊന്നും പറഞ്ഞില്ല. 

എന്തൊക്കെ ആണേലും അപ്പച്ചന് അമ്മയോട് സ്‌നേഹം ഒക്കെയുണ്ട്. 

അതുകൊണ്ടാണല്ലോ കട്‌ലറ്റ് ഒക്കെ ഉണ്ടാക്കി കൊടുക്കുന്നത്. 

‘ഓക്കേ, അപ്പോ നമ്മളിന്ന് പോവില്ലേ തൃശ്ശൂര്‍ക്ക് ഉറപ്പല്ലേ?’ – എന്റെ വിഷയം അത് മാത്രം ആയത് കൊണ്ട് ഞാന്‍ ചോദിച്ചു. 

‘ഏതായാലും ഇന്ന് നമ്മളവിടെ നിക്കാന്‍ പാവാണല്ലോ. അത്‌കൊണ്ട് വൈകുന്നേരം ഇറങ്ങാം. നീ വന്ന് കട്‌ലറ്റ് കഴിക്ക്.’

അമ്മ അടുക്കളയിലേക്ക് തിരിഞ്ഞു.

ഹേ സ്ത്രീയേ…

അല്ലേല്‍ വേണ്ട. അവരായി അവരുടെ പാടായി. എനിക്കെന്തിന്റെ കേടാ ഒരു കുടംബം നശിപ്പിച്ചിട്ട്!

By admin