കൽപറ്റ: വയനാട് സി.പി.എം ജില്ലാകമ്മിറ്റി അംഗം എ.എൻ. പ്രഭാകരന്‍റെ പ്രസംഗത്തിലെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ആദിവാസി ഗോത്രമഹാസഭ ചെയർപേഴ്സൻ സി.കെ. ജാനു രംഗത്ത്. ആദിവാസികളെ പണ്ടേ സി.പി.എം മനുഷ്യരായി പരിഗണിച്ചിട്ടില്ലെന്നും അതിന്റെ ഒരുപാട് ഉദാഹരണങ്ങൾ കാണാനാകുമെന്നും സി.കെ. ജാനു പറഞ്ഞു. പനമരം പഞ്ചായത്തിൽ യു.ഡി.എഫ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി സ്ത്രീയെ പ്രസിഡന്‍റാക്കിയെന്നും ലീഗ് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നുമുള്ള പ്രഭാകരന്‍റെ പരാമർശമാണ് നേരത്തെ വിവാദമായത്.
പനമരത്ത് യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തോടെയാണ് എൽ.ഡി.എഫ് പ്രസിഡന്‍റായ ആസിയ പുറത്തായത്. ഭരണസാധ്യത വന്നപ്പോൾ യു.ഡി.എഫിൽ ആര് പ്രസിഡന്‍റാകുമെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടായി. ഒടുവിൽ മെമ്പറായ ഹസീനക്ക് പകരം ആദിവാസി വിഭാഗത്തിൽനിന്നുള്ള ലക്ഷ്മി ആലക്കമറ്റത്തെ ലീഗ് പിന്തുണച്ചു. ഇത് ചൂണ്ടിക്കാണിച്ചാണ് സി.പി.എം ജില്ലാ കമ്മിറ്റിയംഗത്തിന്‍റെ വിവാദ പരാമർശം. ലക്ഷ്മിയെ ‘ആദിവാസി പെണ്ണെ’ന്ന് അഭിസംബോധന ചെയ്ത എ.എൻ. പ്രഭാകരൻ, ലീഗ് ചെയ്ത ചരിത്രപരമായ തെറ്റിന് വീടുകളിൽ ചെല്ലുമ്പോൾ മറുപടി പറയേണ്ടിവരുമെന്നും പറഞ്ഞു.
“ലീഗുകാരിയായ ഹസീനയെ പുറത്താക്കി ആദിവാസി പെണ്ണിനെ പ്രസിഡന്‍റാക്കി ചരിത്രപരമായ തെറ്റാണ് പനമരത്ത് ലീഗ് ചെയ്തിട്ടുള്ളത്. അടുത്ത പഞ്ചായത്ത് ഇലക്ഷനിൽ ലീഗുകാർ മുസ്‌ലിം വീടുകൾ കയറുമ്പോൾ കൈയും കെട്ടിനിന്ന് മറുപടി പറയേണ്ടിവരും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട” -എന്നിങ്ങനെയായിരുന്നു പ്രഭാകരന്റെ പരാമർശം. സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖും മുൻ സെക്രട്ടറി പി. ഗഗാറിനും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിലായിരുന്നു പ്രസംഗം. ഇതേ വേദിയിൽ റഫീഖ്, പൊലീസുകാരെ പേരെടുത്ത് വെല്ലുവിളിച്ചതും വിവാദമായിരുന്നു. തന്നെ വംശീയമായി അധിക്ഷേപിച്ചതിന് പൊലീസിൽ പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലക്ഷ്മി ആലക്കമറ്റം പറഞ്ഞു.
സി.പി.എം ജില്ലാ കമ്മിറ്റിയംഗത്തിന്റെ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ലക്ഷ്മി ആലക്കമറ്റം, തന്നെ അധിക്ഷേപിച്ചതിന് പൊലീസിലും മനുഷ്യാവകാശ കമീഷനിലും പരാതി നൽകുമെന്ന് വ്യക്തമാക്കി. വർഗീയ വിഷം കുത്തിയിറക്കുന്ന പരാമർശമാണ് പ്രഭാകരന്റേതെന്ന് ചൂണ്ടിക്കാണിച്ച ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്‍റായ തന്നെ എങ്ങനെ ‘പെണ്ണെ’ന്ന് സംബോധന ചെയ്യാനാകുമെന്നും അതിനുള്ള അധികാരം ആര് നൽകിയെന്നും ചോദിച്ചു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1