കോഴിക്കോട്: സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ നെടുപുഴ സിനോയ് (35), കുട്ടിക്കല്‍ തോട്ടില്‍പടി അഭിലാഷ് (31), മണലൂര്‍ അനൂപ് (37) എന്നിവരെയാണ് കൊടുവള്ളി പോലീസ് ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം ഭോപ്പാലില്‍ നിന്ന് പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 27ന് രാത്രി കൊടുവള്ളി മുത്തമ്പലത്താണ് അതിക്രമം നടന്നത്. മുത്തമ്പലം സ്വദേശി ബൈജുവിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണമാണ് പ്രതികള്‍ അപഹരിച്ചത്.
രാത്രി പതിനൊന്നോടെ കട അടച്ചശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ മോഷ്ടാക്കള്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോ സ്വര്‍ണം കൈക്കലാക്കുകയും ചെയ്തു.
സംഭവത്തില്‍ മുഖ്യപ്രതികളായ രമേശ്, വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് 1.3 കിലോ ഗ്രാം സ്വര്‍ണം പോലീസ് കണ്ടെത്തി.