ഡല്‍ഹി: ഡല്‍ഹി സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ഫലം ബി.ജെ.പിക്ക് എതിരായ ഭാവി പോരാട്ടങ്ങള്‍ക്ക് മുന്നില്‍ വലിയ പാഠമായി മാറുന്നു.

ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതിക്ഷത്തെ പ്രധാന പാര്‍ട്ടികള്‍ ഇന്ത്യാ സഖ്യത്തിന് കീഴില്‍ അണിനിരന്ന് യോജിച്ച പോരാട്ടം കാഴ്ച വെച്ചപ്പോള്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനായില്ല. നാനൂറ് സീറ്റുകള്‍ ലക്ഷ്യം വെച്ച് നീങ്ങിയ ബി.ജെ.പിക്ക് ഒറ്റക്ക് നേടാനായത് 240 സീറ്റ് മാത്രമാണ്

സഖ്യകക്ഷികളുടെ പിന്തുണയോടെ രാജ്യം ഭരിക്കേണ്ട അവസ്ഥയിലേക്ക് ബി.ജെ.പിയെ എത്തിച്ചത് ഇന്ത്യാ സഖ്യം ഉയര്‍ത്തിയ വെല്ലുവിളിയായിരുന്നു. യോജിപ്പിലൂടെയാണ് ഇന്ത്യാ സഖ്യം ആ നേട്ടം കൈവരിച്ചത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ ആ ഐക്യം ഡല്‍ഹി നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. 
ആം ആദ്മി  പാര്‍ട്ടിയും കോണ്‍ഗ്രസും തനിച്ച് മത്സരിച്ചപ്പോള്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറി പോയി. അതാണ് ആം ആദ്മിക്ക് കാലിടറാന്‍ കാരണം. തനിച്ചു മത്സരിക്കാന്‍ പിടിവാശി കാട്ടിയ അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും തോറ്റ വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടി.

കുറഞ്ഞത് 15 മണ്ഡലങ്ങളിലും  ആം ആദ്മിയുടെ കുതിപ്പിന് വിലങ്ങുതടിയായത് കോണ്‍ഗ്രസാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ 4089 വോട്ടിനാണ് ആം ആദ്മിയുടെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തോറ്റത്. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ ബി.ജെ.പിയുടെ പര്‍വേഷ് വര്‍മയാണ് ഇവിടെ ജയിച്ചത്.
ഇതേ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് ദീക്ഷിത് നേടിയത് 4568 വോട്ടാണ്. സന്ദീപ് ദീക്ഷിത്  നേടിയ വോട്ടിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കെജരിവാള്‍ തോറ്റതെന്ന് വ്യക്തം. മനീഷ് സിസോദിയ മത്സരിച്ച് ജങ്പുര മണ്ഡലത്തിലും ഇതേ സ്ഥിതിയാണ്. മനീഷ് സിസോദിയ ജങ്പുരയില്‍  675 വോട്ടിനാണ് തോറ്റത്. ഇവിടെ കോണ്‍ഗ്രസിലെ ഫര്‍ഹദ് സൂരി  7350 വോട്ട് പിടിച്ചു. 

മനീഷ് സിസോദിയ തേറ്റതിനേക്കാള്‍ പതിന്മടങ്ങ് വോട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിടിച്ചെതെന്ന് കാണാം.കോണ്‍ഗ്രസും ആം ആദ്മിയും ഭിന്നിച്ച് മത്സരിച്ച് സ്വയം തോല്‍വി സ്വീകരിച്ചതിന് ഇനിയുമേറെ തെളിവുകളുണ്ട്. ഗ്രേറ്റര്‍ കൈലാഷില്‍ ആപിന്റെ സൗരഭ് ഭരദ്വാജിന്റെ തോല്‍വി 3188 വോട്ടിനാണ്

കോണ്‍ഗ്രസിലെ ഗര്‍വിത് സിങ് വി ഇവിടെ നേടിയത് 6711 വോട്ടും. ആപിന്റെ വനിതാ നേതാവ്  അഞ്ജന പര്‍ച്ച  ത്രിലോക് പുരിയില്‍ തോറ്റത് 392 വോട്ടിന് തോറ്റപ്പോള്‍ കോണ്‍ഗ്രസിലെ അമര്‍ദീപ്  6147 വോട്ട് പിടിച്ച് ആപിന്റെ അന്തകനായി. ബാദ്‌ലി, ഛത്തര്‍പൂര്‍ മാള്‍വ്യ നഗര്‍ ,മെഹ് റോളി ,നാംഗളോയി ജാട്ട് ,സംഘം വിഹാര്‍ , തിമാര്‍പൂര്‍, മദിപ്പൂര്‍ ,രജീന്ദര്‍ നഗര്‍, മുണ്ട്ക,  എന്നിവിടങ്ങളിലും ആപ്പിന്റെ ജയത്തിന് കോണ്‍ഗ്രസ് തടസമായി .

മുസ്ലിം സ്വാധീന കേന്ദ്രമായ മുസ്തഫ ബാദില്‍ ബിജെപിയിലെ മോഹന്‍ സിങ്  ബിഷ്ത് ജയിച്ചത് 17578 വോട്ടിന്. ഇവിടെ എ എ പി യിലെ അബീല്‍ അഹമ്മദ് ഖാന് തടസമായത് അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്‍ഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുടെ  സ്ഥാനാര്‍ത്ഥി മുഹമ്മദ് താഹിര്‍ ഹുസൈന്‍ നേടിയ 33476 വോട്ടും കോണ്‍ഗ്രസിലെ അലി മെഹ്ദി നേടിയ 11761 വോട്ടുമാണ്.
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിന്നിചിതറി പോയി.തെലങ്കാനയില്‍ ഒഴികെ എവിടെയും ഒവൈസിയുടെ പാര്‍ട്ടിയുടെ ദൌത്യവും അതാണെന്ന് ഒരിക്കല്‍ കൂടി വെളിവാക്കപ്പെട്ടു.

രാജ്യതലസ്ഥാനത്ത് ആം ആദ്മിയുമായി ഭിന്നിച്ച് മത്സരിച്ച  കോണ്‍ഗ്രസിനും കനത്ത നഷ്ടം പറ്റി.തുടര്‍ച്ചയായ മൂന്നാംതവണയും ഡല്‍ഹി സംസ്ഥാനത്ത് ഒരുസീറ്റും  കിട്ടാതെ കോണ്‍ഗ്രസ് സംപൂജ്യരായി. എഴുപത് മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമാണ്  കോണ്‍ഗ്രസിന്  രണ്ടാമതെങ്കിലും എത്താനായത്

കസ്തൂര്‍ബാ നഗര്‍ മണ്ഡലത്തില്‍ അഭിഷേക് ദത്ത് ആണ് രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സഖ്യസാധ്യതകള്‍ ആരായുന്നതിന് പകരം ഇന്ത്യാ സഖ്യത്തിലെ ആം ആദ്മിയുമായി തിരഞ്ഞെടുപ്പ് രംഗത്ത് പോരടിച്ചപ്പോള്‍ ചരിത്രത്തിലെ വലിയ പരാജയം ഏറ്റുവാങ്ങാനായിരുന്നു കോണ്‍ഗ്രസിന്റെ വിധി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം  ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും യോജിച്ച് മത്സരിച്ചപ്പോഴും  ഒരു സീറ്റിലും വിജയിക്കാനായിരുന്നില്ല. ഇതായിരുന്നു നിയമ സഭയില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. രാജ്യഭരണം നഷ്ടപ്പെട്ടതോടെ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ആകെ പൊളിഞ്ഞു പാളീസായി. പഴയ പ്രതാപം പേറുന്ന ചില നേതാക്കള്‍ ഉണ്ടെങ്കിലും അവര്‍ക്ക് ആര്‍ക്കും തന്നെ ജനപിന്തുണയില്ല. 

ആരാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം എന്ന് ചോദിച്ചാല്‍ ആരാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ആരുമില്ലാത്ത പരിതാപകരമായ അവസ്ഥയാണുളളത്. ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ഷീലാ ദീക്ഷിതിന് ശേഷം  ഉയര്‍ത്തിക്കാട്ടാനൊരു നേതാവില്ല

അജയ് മാക്കന്‍ ഉള്‍പ്പെടെ നേതൃസ്ഥാനത്ത് പലരെയും മാറ്റിപരീക്ഷിച്ചെങ്കിലും ആരും ക്ലച്ച് പിടിച്ചില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെ പ്രചാരണത്തിനിറങ്ങിയെങ്കിലും കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ഫലത്തില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല.

ഇന്ത്യാസഖ്യത്തിലെ ഒമര്‍ ആബ്ദുളള അടക്കമുളള നേതാക്കള്‍ യോജിച്ച് മത്സരിക്കാത്തത് ബിജെപിക്ക് തുണയായെന്ന വിമര്‍ശനം പരസ്യമായി പറഞ്ഞു കഴിഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ നേതൃപദവി കൈയ്യാളുന്ന കോണ്‍ഗ്രസിന് നേരെ ഉയരുന്ന വിമര്‍ശനം രാഹുല്‍ ഗാന്ധിക്ക് നേരേകൂടിയാണ്.
മമതാ ബാനര്‍ജിയെ ഇന്ത്യാസഖ്യത്തിന്റെ തലപ്പത്തേക്ക് കൊണ്ടു വരണമെന്ന വാദഗതികളും തലപൊക്കി തുടങ്ങി. രാഹുലിന്റെ തന്ത്രങ്ങള്‍ തുടര്‍ച്ചയായി പിഴക്കുന്നുവെന്ന ചിന്ത പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ ഉണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *