പാലക്കാട്: ദേശീയ തൊഴിലുറപ്പ് പദ്ധതിയെ വാനോളം പുകഴ്ത്തി മന്ത്രി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം ഇന്ത്യയ്ക്ക് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ്.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
നിയമത്തില്‍ പറയുന്നതിനും അതി വിപുലമായിട്ടാണ് കേരളം പദ്ധതി നടപ്പിലാക്കിയത്. ഗ്രാമീണ മേഖലയ്ക്ക് പുറമേ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്ന പേരില്‍ നഗരസഭാ പ്രദേശങ്ങളിലും കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ഏര്‍പ്പെടുത്തിയ സംസ്ഥാനവും കേരളമാണ്. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഒമ്പത് മാനദണ്ഡങ്ങളില്‍ നാലെണ്ണത്തില്‍ ഒന്നാം സ്ഥാനവും ബാക്കി അഞ്ചെണ്ണത്തില്‍ രണ്ടാം സ്ഥാനവും കേരളത്തിനാണ് ലഭിച്ചിട്ടുള്ളത്.
തരിശു നിലം കൃഷിയോഗ്യമാക്കല്‍, കിണര്‍ റീചാര്‍ജിങ്, ഫാം പോണ്ടിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിര വികസനം കൊണ്ടുവരാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.