ഭക്ഷണം ഡെലിവറി ചെയ്യാന് വിളിച്ചപ്പോൾ ഫോണെടുത്തില്ല; തോക്കും കത്തിയും കമ്പുകളും ഉപയോഗിച്ച് ആക്രമണം, ലഖ്നൗവിൽ
ലഖ്നൗ: യുപിയിൽ ഡെലിവറി ഏജന്റും കസ്റ്റമറും തമ്മിലുള്ള തർക്കം ചെന്നെത്തിയത് വെടിവയ്പ്പിലും കത്തിക്കുത്തിലും. ഭക്ഷണം ഡെലിവറി ചെയ്യാനായി ഫോൺ വിളിച്ചപ്പോൾ ഉപഭോക്താവ് മറ്റൊരു കോളിൽ ആയിരുന്നുവെന്നും കുറേ നേരം ഫോൺ എടുക്കാത്തതിൽ പ്രകോപിതനായതിനെത്തുടർന്ന് ഡെലിവറി ഏജൻ്റ് വാഗ്വാദം തുടങ്ങി വച്ചതായും പൊലീസ് പറഞ്ഞു. രണ്ട് പേരും തമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ കയ്യാങ്കളിലിയിലേക്കും വെടിവയ്പ്പിലേക്കും കത്തിക്കുത്തിലേക്കും സംഭവം ചെന്നെത്തി.
ആധാർ ചൗധരി എന്നയാളാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഭക്ഷണം എത്തിക്കാനെത്തിയത് നിഷാന്ത് എന്നു പേരുള്ള ഡെലിവറി ഏജന്റ് ആയിരുന്നു. നിഷാന്ത് ഏറെ നേരം വീടിന് പുറത്ത് കാത്തു നിന്നു. എന്നാൽ ആധാർ മറ്റൊരു ഫോൺ കോളിൽ ആയതിനെത്തുടർന്ന് നിഷാന്തിന്റെ ഫോണിന് മറുപടി നൽകുകയോ പുറത്തേക്ക് വരികയോ ചെയ്തില്ല. ഇതാണ് നിഷാന്തിനെ ചൊടിപ്പിച്ചത്. പിന്നീട് ആധാർ ഇറങ്ങി വന്നപ്പോൾ നിഷാന്ത് ഇയാളോട് കയർത്തു സംസാരിച്ചു. ഇത് തർക്കത്തിലേക്ക് വഴി വച്ചു. ഇതിനു പിന്നാലെ നിഷാന്ത് തൻ്റെ ഗ്രാമമായ സിക്രോഡിൽ നിന്ന് ആറോളം പേരെ വിളിച്ചു വരുത്തിയെന്നും പൊലീസ് പറയുന്നു.
നിഷാന്തും ഒപ്പമുണ്ടായിരുന്നവരും വീടിന് നേരെ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. ഇത് സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ നീളമുള്ള കമ്പുകളുമായി എത്തിയവർ ആധാറിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും അദ്ദേഹത്തിൻ്റെ മഹീന്ദ്ര സ്കോർപ്പിയോ, എംജി ഹെക്ടർ എന്നിവയുടെ ചില്ലുകളും ബൈക്കും അടിച്ചുതകർക്കുകയും ചെയ്തു. ഹെക്ടറിന്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും വിൻഡ്ഷീൽഡുകൾ തകർത്തതായും എല്ലാ ജനലുകളും സൈഡ് വ്യൂ മിററുകളും തകർന്നതായും ആധാറിന്റെ കുടുംബം പറഞ്ഞു.
ഇത് കൂടാതെ ഡെലിവറി ഏജൻ്റും മറ്റു പ്രതികളും ചേർന്ന് കത്തികൊണ്ട് ആക്രമിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി ആധാറിന്റെ കുടുംബം പരാതി നൽകിയതായി നന്ദിഗ്രാം അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ പൂനം മിശ്ര പറഞ്ഞു. ആധാറിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്.