കോതമംഗലം: കോതമംഗലത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുളങ്ങാട്ടുകുഴി മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി എം.എൽ.എ ആന്റണി ജോൺ അറിയിച്ചു.
കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വനാതിർത്തിയിലും കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം മേക്കപ്പാല ഫോറസ്റ്റ് സ്റ്റാഫ്, എസ്.എഫ്.പി.എഫ് ടീം, റേഞ്ച് സ്പെഷൽ ടീം എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് മുഴുവൻ സമയ പട്രോളിംഗും നടത്തി തുടങ്ങിയിട്ടുണ്ട്.
തുടർ നടപടികൾക്കായി എൻ.ടി.സിയുടെ മാർഗ നിർദേശ പ്രകാരമുള്ള കമ്മിറ്റി രൂപീകരിച്ചതായും കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും എം.എൽ.എ അറിയിച്ചു. പ്രദേശത്തെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.