ബോള്‍ട്ടന്‍: യു കെ പ്രവാസി മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി) – ക്ക് മാഞ്ചസ്റ്ററിലെ ബോള്‍ട്ടനില്‍ ഓഫീസ് കെട്ടിടവും വായനശാലയും ഒരുങ്ങുന്നു. 

ഫെബ്രുവരി 14ന് യു കെയില്‍ തന്റെ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനത്തിനെത്തുന്ന പാലക്കാട് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ  രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഓ ഐ സി സി ഓഫീസ് കെട്ടിടത്തിന്റെയും പ്രിയദര്‍ശിനി വായനശാലയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. 

യു കെയിലെ ഓ ഐ സി സിയുടെ ചുമതല വഹിക്കുന്ന കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ എക്‌സ് എം എല്‍ എ, ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
 
ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അധ്യക്ഷത വഹിക്കും. നാഷണല്‍ / റീജിയനല്‍ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കും. 

നവ നാഷണല്‍ കമ്മിറ്റി ചുമതലയേറ്റ ശേഷം നാട്ടില്‍ നിന്നും വരുന്ന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍, ഗംഭീര സ്വീകരണമാണ് എം എല്‍ എക്കും കെപിസിസി ഭാരവാഹികള്‍ക്കും ഒരുക്കിയിരിക്കുന്നത്. 

ഓ ഐ സി സിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോള്‍ട്ടനില്‍ ഓഫീസ് തുറക്കുന്നതോടുകൂടി യാഥാര്‍ഥ്യമാകുന്നത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദര്‍ശിനി  ലൈബ്രറിയില്‍ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥ, നോവല്‍, കവിതാ സമാഹാരങ്ങള്‍, കുട്ടികള്‍ക്കായുള്ള രചനകള്‍ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങള്‍ ഒരുക്കും. കുട്ടികള്‍ക്കായുള്ള പ്ലേ സ്റ്റേഷന്‍ ആണ് മറ്റൊരു ആകര്‍ഷണം. 

ഓ ഐ സി സി (യു കെ) മാഞ്ചസ്റ്റര്‍ റീജിയന്റെ കീഴില്‍ പുതുതായി രൂപീകരിച്ച ബോള്‍ട്ടന്‍, അക്രിങ്ട്ടന്‍, ഓള്‍ഡ്ഹം യൂണിറ്റുകളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പ്രിയദര്‍ശിനി ലൈബ്രറിയുടെ ആദ്യ മെമ്പര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ വച്ച് നിര്‍വഹിക്കപ്പെടും.

ബോള്‍ട്ടന്‍, അക്രിങ്ട്ടന്‍, ഓള്‍ഡ്ഹം ലിവര്‍പൂള്‍, പീറ്റര്‍ബൊറോ യൂണിറ്റുകളുടെ ഭാരവാഹികള്‍ക്കുള്ള ‘ചുമതലപത്രം’ കൈമാറ്റ ചടങ്ങും ഇതോടനുബന്ധിച്ചു നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *