തിരുവനന്തപുരം: ബ്രൂവറി അനുമതിയിൽ വിയോജിപ്പ് പ്രകടമാക്കി ആർ.ജെ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഉള്‍പ്പെടെ വിഷയം ചർച്ച ചെയ്യാൻ 19 ഇടതുമുന്നണി യോഗം ചേരും.
ജനതാദളിന് പുറമേ സി.പി.ഐക്കും വിയോജിപ്പുണ്ടെങ്കിലും ഇതൊന്നും ഗൗരവമായി സി.പി.എം കണക്കിലെടുത്തിട്ടില്ല. എന്ത് പ്രശ്‌നമുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് സി.പി.എമ്മിന്റെ തീരുമാനം.
19 ന് നടക്കുന്ന മുന്നണി യോഗത്തിൽ സി.പി.ഐ പിന്നാക്കം പോകാനുള്ള സാധ്യതകൾ രൂപപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതിന് മുമ്പ് സി.പി.ഐ – സി.പി.എം ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിനാവും സി.പി.എമ്മിന്റെ ശ്രമം.
ഇതിനിടെ എലപ്പുള്ളിയിൽ പദ്ധതി തുടങ്ങാൻ ഒയാസിസ് കമ്പി വാങ്ങിയ ഭൂമി തരംമാറ്റാനുള്ള അനുമതി നിഷേധിച്ച റവന്യൂ, കൃഷി വകുപ്പുകളുടെ നിലപാടും രാഷ്ട്രീയ ചർച്ചയായിക്കഴിഞ്ഞു.
യോഗത്തിൽ ആർ.ജെ.ഡി വിഷയത്തിലുള്ള എതിർപ്പ് കടുപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകളിൽ നിന്നും മനസിലാവുന്നത്.
സർക്കാരിന്റെ മദ്യനയം ഒരിക്കൽ പോലും മുന്നണി യോഗത്തിൽ ചർച്ചയായിട്ടില്ലെന്നും അതിന് ശേഷം വന്ന നയംമാറ്റവും ആരുമായും ചർച്ച ചെയ്തല്ല രൂപപ്പെടുത്തിയെന്നും പാർട്ടി ജനറൽ സെക്രട്ടറി വർഗീസ് ജോർജ്ജ് വ്യക്തമാക്കിയിരുന്നു .
ആർ.ജെ.ഡി എതിർപ്പുയർത്തിയാലും അതിനെ അവഗണിച്ച് മുന്നോട്ട് പോകാനാവും സി.പി.എം തീരുമാനം. അതായത് എന്ത് വിലകൊടുത്തും പദ്ധതി നടത്തണമെന്ന കാര്യത്തിൽ സി.പി.എം ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞു
എന്നാൽ മുന്നണിയിൽ പദ്ധതിക്കെതിരെയുണ്ടാവുന്ന വിരുദ്ധാഭിപ്രായം കണ്ടില്ലെന്ന് നടിച്ചാൽ സർക്കാരിന് ക്ഷീണമായേക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു.
എങ്കിലും പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തില്‍ നിന്നും പാര്‍ട്ടി പിന്നോട്ടില്ല. പകരം മുന്നണി യോഗത്തില്‍ ഘടകകക്ഷികളെ മെരുക്കുകയാവും ലക്ഷ്യം. മന്ത്രി സ്ഥാനം കിട്ടാത്ത ആര്‍ ജെ ഡിയുടെ നീക്കങ്ങളില്‍ സിപിഎമ്മിനും സംശയമുണ്ട്.
നവീകരിച്ച സി.പി.ഐ ആസ്ഥാനത്താണ് ഇത്തവണ എൽ.ഡി.എഫ് യോഗം നടക്കുന്നത്. പദ്ധതിയെപ്പറ്റി വിശദീകരിക്കാൻ എക്‌സൈസ് മന്ത്രിയെ യോഗത്തിലേക്ക് വിളിച്ചുവരുത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.