ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് രാജി സമര്‍പ്പിച്ചു.
മദ്യനയ അഴിമതിയില്‍ ജാമ്യത്തിലിറങ്ങിയതിനെത്തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അതിഷി മുഖ്യമന്ത്രിയായത്
ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, മന്ത്രി സൗരഭ് ഭരദ്വാജ് തുടങ്ങിയ പാര്‍ട്ടിയിലെ പ്രമുഖര്‍ തോല്‍വി നേരിട്ടപ്പോള്‍, ബിജെപിയുടെ രമേശ് ബിദൂരിക്ക് എതിരെ അതിഷി തന്റെ കല്‍ക്കാജി സീറ്റ് കരുത്തോടെ നിലനിര്‍ത്തി.
70 അംഗ നിയമസഭയില്‍ 48 സീറ്റുകളുമായാണ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത്.
‘എന്റെ സീറ്റ് ഞാന്‍ നേടി, പക്ഷേ ഇത് ആഘോഷിക്കാനുള്ള സമയമല്ല – പോരാടാനുള്ള സമയമാണിത്. ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടം തുടരും,’ വോട്ടെടുപ്പ് പരാജയത്തിന് ശേഷം അതിഷി പറഞ്ഞു.