തിരുവനന്തപുരം: കേവലം 28വയസ് മാത്രം പ്രായമുള്ള അനന്തുകൃഷ്‍ണൻ പകുതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽമെഷീൻ തട്ടിപ്പിലൂടെ 1000കോടിയോളം രൂപ അടിച്ചെടുത്തത് ഓഫറുകളോടുള്ള മലയാളിയുടെ ആർത്തി മുതലെടുത്ത്.
ആട്, മാഞ്ചിയം, നോട്ടിരട്ടിപ്പ്, മണിചെയിൻ തട്ടിപ്പിന്റെ പുതിയ രൂപമാണ് ഈ ഓഫർ തട്ടിപ്പ്. തുടക്കത്തിൽ ഏതാനും പേർക്ക് 50ശതമാനം വിലയ്ക്ക് സ്കൂട്ടറും മറ്റും നൽകിയ ശേഷം, ശേഷിച്ചവരിൽ നിന്ന് മുൻകൂറായി പണം വാങ്ങി തട്ടിയെടുക്കുകയായിരുന്നു.

അനന്ദു ബന്ധം സ്ഥാപിക്കാത്ത രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രമുഖർ കുറവ്. തൊടുപുഴ സ്വദേശിയാണ്. പത്തിൽ പഠിക്കുമ്പോൾ കൂൺകൃഷിയെക്കുറിച്ച് ക്ലാസെടുത്താണ് പൊതുരംഗത്തിറങ്ങിയത്. പിന്നീട് പ്രഭാഷകനായും സംരംഭകനായുമൊക്കെ വിവിധ വേഷങ്ങളിൽ വിലസി

 ഭാരത് സേവക് സമാജത്തിലാണ് തുടക്കത്തിൽ പ്രവർത്തിച്ചത്. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന പേരിൽ സന്നദ്ധസംഘടന ആരംഭിച്ചു. ഇംഗ്ലീഷ് അനായാസം വഴങ്ങുമായിരുന്ന അനന്ദു കേരളത്തിന് പുറത്തെ നേതാക്കളുമായും ബന്ധമുണ്ടാക്കി.
ഫുട്ബോൾ താരത്തിനു വണ്ടിച്ചെക്ക് നൽകിയതിനും തൊടുപുഴയിലെ അഭിഭാഷകനെ 5ലക്ഷം രൂപ വാങ്ങി പറ്റിച്ചതിനുമൊക്കെ കേസും പരാതികളുമായി. വനിതാകമ്മിഷൻ മുൻ അംഗത്തിന്റെ പേഴ്സണൽ സ്റ്റാഫംഗമായി.

ബി.ജെ.പിയിലേക്ക് അടുത്ത അനന്ദു അവിടത്തെ നേതാക്കളെ പറ്റിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഗീതാ കുമാരിയിൽ നിന്ന് 25ലക്ഷം രൂപ വാങ്ങി പറ്റിച്ചത് കേസായി. കോട്ടമലയിലെ തേയില തോട്ടം വിൽപനയുമായി ബന്ധപ്പെട്ടായിരുന്നു കേസ്

അന്ന് ലാലിവിൻസെന്റാണ് അനന്ദുവിനായി ഹാജരായത്. 2022മുതലായിരുന്നു സി.എസ്.ആർ തട്ടിപ്പ്. 1.25ലക്ഷത്തിന്റെ സ്കൂട്ടർ അറുപതിനായിരത്തിനും 60,000 രൂപയുടെ ലാപ്ടോപ്പ് 30000 രൂപയ്ക്കും നൽകുമെന്നായിരുന്നു വാഗ്ദാനം. ഇടനിലക്കാർക്ക് 5000 രൂപയായിരുന്നു കമ്മിഷൻ.
തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, രാസവളം എന്നിവയ്ക്കും പകുതിവില വാഗ്ദാനം ചെയ്ത് പണംതട്ടി. സോഷ്യൽ ബീ വെൻച്വേഴ്സ് തൊടുപുഴ, സോഷ്യൽ ബീ വെൻച്വേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷനൽ സർവീസ് ഇന്നവേഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്പനികളുടെ പേരിൽ അക്കൗണ്ടുണ്ടാക്കി.
പകുതിവില ഓഫറിൽ ഈ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. അടുത്തിടെ നിരവധിയിടത്ത് ഭൂമി വാങ്ങി. ഫുട്ബോൾ ടർഫ് നിർമ്മിക്കാനും പദ്ധതിയിട്ടിരുന്നു.

2019 ൽ വീടിനടുത്ത് കൂൺ കൃഷി ചെയ്താണ് അനന്തു ബിസിനസ് രംഗത്ത് തുടക്കം കുറിച്ചത്. നല്ല ലാഭത്തിലായിരുന്നു കൃഷി. ഒപ്പം കൃഷി രീതിയുടെ പരിശീലനവും വാല്യു ആഡഡ് പ്രൊഡക്ടുകളുടെ വിപണനവും ഈ രംഗത്ത് പച്ച പിടിക്കാൻ സഹായിച്ചു

2020ൽ പകുതി വിലയ്ക്ക് ഓണക്കിറ്റ് വിപണനമാണ് തട്ടിപ്പിന്റെ ആദ്യ പാഠം. 3000 രൂപ വിലയുള്ള കിറ്റ് പകുതി വിലയ്ക്ക് എന്ന ആകർഷകമായ നവ മാദ്ധ്യമ കാമ്പയിൻ വൻ വിജയമായിരുന്നു. ഹോൾ സെയിൽ വിലയ്ക്ക് ഉല്പന്നങ്ങൾ വാങ്ങി റീ പാക്ക് ചെയ്തായിരുന്നു വിതരണം.
ഇതോടെ നാട്ടിൽ അത്യാവശ്യം പേരെടുത്തു. ഈ സാഹചര്യം മുതലെടുത്താണ് കാർഷിക ഉപകരണങ്ങൾ, തയ്യൽ മെഷീൻ, വാട്ടർ പൂരിഫയർ, ലാപ് ടോപ്പ് എന്നിങ്ങനെ എല്ലാം പകുതി വിലയിൽ നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
തയ്യൽ മെഷിന് 7500 രൂപ വിലയിട്ട് 3750 നായിരുന്നു നൽകിയത്. ഒന്നിച്ച് വാങ്ങുമ്പോൾ 4100 രൂപയ്ക്ക് ലഭിച്ചതാണ് വില കുറച്ച് 3750 ന് നൽകിയത്. ഇത്തരത്തിൽ പേരെടുത്തതോടെ കൂടുതൽ ആളുകൾ ഓർഡറുമായെത്തി സീഡ് കേന്ദ്രങ്ങൾ തുടങ്ങി അവരുമായി ചേർന്ന് പദ്ധതി വ്യാപിപ്പിച്ച് ബിസിനസ് വിപുലീകരിച്ചു.
രാഷ്ട്രീയക്കാരെയും പഞ്ചായത്ത് അംഗങ്ങളെയും എം.പിമാരെയും എം.എൽ.എമാരെയും വരെ വിതരണ മേളകളിൽ അതിഥികളാക്കി പണം നൽകിയ സാധാരണക്കാരന്റെ കണ്ണിൽ പൊടിയിട്ടു. ഒരു സീഡിൽ പകുതിയിലേറെ പേർക്ക് ഇത്തരത്തിൽ ഉല്പന്നങ്ങൾ നൽകി ബിസിനസ് വിപുലീകരിച്ചതോടെ വിശ്വാസൃത കൂടി ആവശ്യക്കാരും വർദ്ധിച്ചു.

ഓർഡർ കൂടിയതോടെ കൃത്യമായി കൊടുക്കാൻ കഴിയാതെ വന്നതാണ് വിതരണ വില കൂടിയ സ്കൂട്ടറുകളിലേയ്ക്ക് തട്ടിപ്പ് മാറ്റിയത്. സ്കൂട്ടർ പകുതി വിലയ്ക്കുള്ള വിമൻ വീൽസ് പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഒപ്പമുണ്ടായിരുന്ന പല പ്രമുഖരും കൈവിട്ടു. എന്നാൽ കുമിഞ്ഞു കൂടിയ പണം കൈയയയച്ച് രാഷ്ട്രീയക്കാർക്കടക്കം കൊടുക്കാൻ തയ്യാറായതോടെ തട്ടിപ്പിന് ഇവരുടെയാെക്കെ മൗനാനുവാദമായി

തട്ടിപ്പ് മുറയ്ക്ക് മന്നേറുന്നതിനിടയിൽ ചില സീഡ് കേന്ദ്രങ്ങളിൽ പണം നൽകയിവർക്ക് ഉല്പന്നങ്ങൾ വൈകിയത് പലപ്പോഴും പൊലീസ് പരാതികളിലേക്ക് വരെയെത്തി. എന്നാൽ ഇത്തരക്കാർക്ക് അവരുടെ പണം നൽകി കേസുകൾ സെറ്റിൽ ചെയ്തതോടെ നടപടികൾ അവസാനിച്ചു.
സുഗമമായി കാര്യങ്ങൾ പോകുന്നില്ലെന്ന് മനസിലാക്കിയാണ് സ്കൂട്ടർ വിതരണം വേഗത്തിലാക്കിയത്. പിടിയിലാകുന്നതിന് കുറച്ച് നാൾ മുമ്പ് തൊടുപുഴയിലെ യമഹ സ്കൂട്ടർ ഡീലർ വഴി എടുത്ത വാഹനങ്ങളുടെ 4.5 കോടിയാണ് അവർക്ക് നൽകാനുള്ളത്.

പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ഇയാളുടെ നീക്കങ്ങൾ മനസിലാക്കി നിരവധി റിപ്പോർട്ടുകൾ നൽകിയെങ്കിലും അതൊന്നും ഫലപ്രദമായില്ല. ജില്ലയിലെ ഡിവൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ രണ്ട് മാസം മുമ്പ് അവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ സ്കൂട്ടർ വിതരണവുമായി ബന്ധപ്പെട്ട പരിപാടികളിൽ സഹപ്രവർത്തകരായ ചിലരുടെ പേരുകൾ കണ്ടതോടെ തട്ടിപ്പിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പ്  നൽകിയിരുന്നു.
ഇതൊന്നും വേണ്ടത്ര ശ്രദ്ധിക്കാതെ പോയതാണ് തട്ടിപ്പിന്റെ വ്യാപ്തി 1000 കോടിയിലേക്കെത്താൻ ഇടയായത്.

200 സംഘടകളടങ്ങിയ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധസംഘടനകളുമായും കുടുംബശ്രീ യൂണിറ്റുകളുമായും ചാരിറ്റബിൾ സൊസൈറ്റികളുമായും പ്രസ്ഥാനങ്ങളുമായും ചേർന്നാണ് ഗുണഭോക്താക്കളെ സംഘടിപ്പിച്ചത്

പല സംഘടനകളും സൊസൈറ്റികളും ഗുണഭോക്തൃവിഹിതം സ്വന്തമായി നൽകിയിട്ടുമുണ്ട്. സർദാർ പട്ടേലിന്റെ പേരിൽ പോലും ഇൻസ്റ്റിറ്റ്യൂട്ടുണ്ടാക്കി പണംതട്ടി. 
കണ്ണൂർ, ഇടുക്കി, എറണാകുളം റൂറൽ, കോഴിക്കോട് എന്നിവിടങ്ങളിലാണ് തട്ടിപ്പേറെയും. ഇതുവരെ കിട്ടിയത് 30കോടിയോളം തട്ടിച്ചെന്ന പരാതികളാണ്. ഫണ്ട് നൽകിയ കമ്പനികളെയും വാഹന, ലാപ്ടോപ് നിർമ്മാതാക്കളെയുമടക്കം വഞ്ചിച്ചതായും വിവരമുണ്ട്.
കേന്ദ്രമന്ത്രിയും കർണാടകയിലെ ബി.ജെ.പി ഉന്നതനേതാവുമായ ശോഭാകന്തലജെ ആയിരുന്നു എറണാകുളത്തെ സ്കൂട്ടർവിതരണം ഉദ്ഘാടനം ചെയ്തത്. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ‘സൈൻ’ എന്ന സംഘടനയായിരുന്നു ഈ പരിപാടിയുടെ സംഘാടകർ.

മലപ്പുറത്തെ ഒരു എം.എൽ.എ സ്വന്തം ഓഫീസിൽ ഗുണഭോക്താക്കളുടെ അപേക്ഷ സ്വീകരിച്ചിരുന്നു. ജില്ലകളിൽ ആളെച്ചേർക്കാൻ ഏജന്റുമാരുമുണ്ടായിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ നിരവധി ജനപ്രതിനിധികളും തങ്ങളെ കബളിപ്പിച്ചതായി പരാതിപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരത്തെ പരിപാടി മുൻ കേന്ദ്രമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴയിൽ ജന പ്രതിനിധികളെയും തട്ടിച്ചു. ബഹളമുണ്ടാക്കിയവർക്ക് 100ദിവസത്തിനകം സ്കൂട്ടർ നൽകാമെന്നും അതുവരെ പരാതിപ്പെടില്ലെന്നും മുദ്രപത്രത്തിൽ എഴുതിവാങ്ങി.
സ്വർണപ്പണയം വച്ചും പലിശയ്ക്കെടുത്തുമാണ് മിക്കവരും സ്കൂട്ടറിന് പണംനൽകിയത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *