മുക്കം: മുക്കത്ത് ഹോട്ടലില്‍ വെച്ച് ഉടമയും മറ്റ് രണ്ട് പേരും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി പരുക്കേല്‍ക്കുകയും ചെയ്ത അതിജീവിത ആശുപത്രി വിട്ടു.
ഉടമ ദേവദാസിന്റെ ശല്യം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ച് തിരികെ പോയതാണെന്നും പിന്നീട് മകളെപ്പോലെ കാണുമെന്ന് പറഞ്ഞു അയാള്‍ തിരികെ വിളിച്ചതാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ജോലി കഴിഞ്ഞു കുളിച്ച് റൂമിലെത്തി ബാല്‍ക്കണിയില്‍ ഇരുന്നു ഗെയിം കളിക്കുന്നതിനിടയാണ് ദേവദാസും മറ്റ് രണ്ട് പേരും റൂമിലെത്തിയത്.
മാസ്‌കും ടാപ്പുമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ദേവദാസ് റൂമില്‍ എത്തിയത്. കൈയില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ക്യാമറ ഓണ്‍ ആകുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് മൊബൈലില്‍ റെക്കോര്‍ഡ് ആയത്. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ യുവതിയുടെ കുടുംബം പുറത്തുവിട്ടിരുന്നു.
കേസുമായി മുന്നോട്ടു പോകുമെന്നും താന്‍ അനുഭവിക്കുന്ന മാനസിക ശാരീരിക വേദനകള്‍ ദേവദാസ് അറിയണമെന്നും യുവതി പറഞ്ഞു.
ആറ് ദിവസം മുമ്പായിരുന്നു സംഭവം. രാത്രി 11ഓടെയായിരുന്നു പീഡനശ്രമം. മുക്കം- കോഴിക്കോട് റോഡില്‍ മാമ്പറ്റയില്‍ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്.