കോട്ടയം: കഴിഞ്ഞ ബജറ്റില്‍ റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി നീക്കി വെച്ച തുകയില്‍ നിന്നു ഒരു രൂപപോലും സർക്കാരിന് ചെലവഴിക്കേണ്ടിവന്നില്ല. റബറിന് താങ്ങുവില 250 രൂപയാക്കുമെന്നു പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ചതിരുന്നത്.
പക്ഷേ, കഴിയുമായിരുന്നിട്ടും താങ്ങുവില 200 രൂപയിലെത്തിക്കാന്‍ പോലും എല്‍.ഡി.എഫ് സര്‍ക്കാർ മുതിർന്നില്ല. ഇതോടെ റബര്‍ കര്‍ഷകര്‍ നിരാശയിലാണ്. കഴിഞ്ഞ തവണ വിലസ്ഥിരതാ പദ്ധതി പ്രകാരം അടിസ്ഥാന വില 170 രൂപയില്‍ നിന്നു 180 രൂപയിലേക്കു വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍, ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ഭൂരിഭാഗം ദിവസങ്ങളിലും വില 180 രൂപയ്ക്കു മുകളിലായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലയേക്കാള്‍ കുറഞ്ഞത് 15 രൂപയുടെയെങ്കിലും കുറവുണ്ടെങ്കില്‍ മാത്രമേ കര്‍ഷകര്‍ വില സ്ഥിരതാ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കൂ.
ബില്‍ നല്‍കുന്നതിലെ നൂലാമാലകള്‍, പണം കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത് എന്നിവയെല്ലാം കര്‍ഷകരെ പിന്നോട്ടു വലിച്ചു.കഴിഞ്ഞ വര്‍ഷം പദ്ധതിയ്ക്കായി 600 കോടി രൂപ നീക്കിവച്ചിരുന്നുവെങ്കിലും ഒരു രൂപ പോലും ചെലവഴിക്കേണ്ടി വന്നിരുന്നില്ല.
ഈ സാഹചര്യത്തില്‍ അടിസ്ഥാന വില 200 രൂപയാക്കുമെന്നു കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുമ്പോഴും അതിന്റെ ആനുകൂല്യം പോലും മുതലാക്കാന്‍ കഴിയുന്നില്ല.
അസ്ഥിരത മൂലം റബര്‍ കൃഷിയില്‍ നിന്നു പിന്തിരിയുന്നവരുടെ എണ്ണമേറിയിരുന്നു. 10 വര്‍ഷമായി പല കര്‍ഷകരെയും ടാപ്പിങ്ങ് നിലനിര്‍ത്താന്‍ പ്രേരിപ്പിച്ചിരുന്നതും വില സ്ഥിരതാ പദ്ധതിയായിരുന്നു.
ഇങ്ങനെ പോയാല്‍ ഇനി അധികകാലം റബര്‍ വെട്ടേണ്ടി വരില്ലെന്നും കര്‍ഷകര്‍ പറയുന്നു.നിലവില്‍, ഏതാനും ആഴ്ചകളായി ആര്‍.എസ്.എസ്. 4 ഗ്രേഡിന് 192 രൂപയാണ് റബര്‍ ബോര്‍ഡ് വില പ്രഖ്യാപിക്കുന്നത്, കര്‍ഷകനു ലഭിക്കുന്നതു പരമാവധി 187 രൂപയും. ഇതു ഉല്‍പ്പാദന ചെലവിന് പോലും തികയില്ലെന്നും കര്‍ഷകര്‍ പറയുന്നു.